Kuwait
കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട ഇന്ത്യക്കാരനെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു
Kuwait

കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട ഇന്ത്യക്കാരനെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

Web Desk
|
24 Jun 2024 4:29 PM GMT

ഡി.എൻ.എ പരിശോധന നടപടിക്രമങ്ങൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ട ഇന്ത്യക്കാരനെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. എൻ.ബി.ടി.സി ജീവനക്കാരൻ ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധന നടപടിക്രമങ്ങൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം കുവൈത്തിലെത്തിച്ചിരുന്നു.

കഴിഞ്ഞ ഏഴ് വർഷമായി എൻ.ബി.ടി.സിയിൽ ജീവനക്കാരനായിരുന്ന കലുക്ക, നിലവിൽ എൻ.ബി.ടി.സി ഹൈവേ സെൻറ്ററിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (തിങ്കളാഴ്ച) രാത്രിയോടെ നാട്ടിലേക്കയക്കുമെന്ന് എൻ.ബി.ടി.സി കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. ഇന്ന് വൈകീട്ട് 8.15-നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്‌നയിലേക്ക് മൃതദേഹം എത്തിക്കും.

കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ മൃതദേഹത്തോടൊപ്പം അനുഗമിക്കും. അതോടൊപ്പം, മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള കമ്പനിയുടെ അടിയന്തിര ധനസഹായമായ 8 ലക്ഷം രൂപ കലുക്കയുടെ കുടുംബത്തിന് നാളെ തന്നെ കൈമാറും. കൂടാതെ, സംസാകാരച്ചടങ്ങുകൾക്കാവശ്യമായ തുകയും കലുക്കയുടെ സഹോരന് കൈമാറിയതായി എൻ.ബി.ടി.സി അറിയിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 3 ജീവനക്കാരുൾപ്പെടെ 6 ജീവനക്കാരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്.

Similar Posts