കെഫാക് മാസ്റ്റേഴ്‌സ് ലീഗ് സീസൺ മത്സരങ്ങൾക്ക് തുടക്കമയി
|18 ടീമുകൾ അണിനിരക്കുന്ന കെഫാക് മാസ്റ്റേഴ്‌സ് ലീഗ് സീസൺ മത്സരങ്ങൾക്ക് തുടക്കമയി. മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ മലപ്പുറം ബ്രദേഴ്സ്, സ്പാർക്‌സ് എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി , ഫ്‌ളൈറ്റേഴ്സ് എഫ്.സി, സോക്കർ കേരള, സി.എഫ്.സി സാൽമിയ, ബിഗ്ബോയ്‌സ് ടീമുകൾ വിജയിച്ചു.
മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള വെറ്ററൻസ് താരങ്ങൾ അണിനിരക്കുന്ന മാസ്റ്റേഴ്സ് ലീഗിൽ 18 ടീമുകളും ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന കേഫാക് സോക്കർ ലീഗിൽ 18 ടീമുകളുമാണ് മാറ്റുരക്കുന്നത്. 400ലധികം മാച്ചുകളാണ് 10 മാസം നീണ്ടു നിൽക്കുന്ന സീസണിൽ അരങ്ങേറുക.
സോക്കർ ലീഗ് മത്സരങ്ങളിൽ ഫ്‌ളൈറ്റേഴ്സ് എഫ്.സിയും മാക് കുവൈത്തും വിജയിച്ചപ്പോൾ സിയസ്‌കോ കുവൈത്തും ബ്ലാസ്റ്റേഴ്സ് എഫ്.സിയും ട്രിവാൻഡ്രം എഫ്.സിയും ഫഹാഹീൽ ബ്രദേഴ്‌സും തമ്മിലുള്ള മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ മിശിരിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആന്റ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.