കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും
|നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആഗസ്റ്റ് 31 വരെയാണ് മാന്‍ പവര്‍ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.ഇക്കാലയളവില്‍ രാവിലെ 11 മുതല്‍ നാലു വരെ തൊഴിലാളികളെ വെയിലത്ത് തൊഴിലെടുപ്പിക്കാന്‍ പാടില്ല.നഷ്ടപ്പെടുന്ന ജോലിസമയം രാവിലെയും വൈകീട്ടുമായി പുനഃക്രമീകരിക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
സൂര്യാഘാതത്തില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും ജീവനക്കാരെ സംരക്ഷിക്കാനാണ് ഈ നടപടി. നിയമം നടപ്പിലാക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലിടങ്ങളില്‍ ഫീല്‍ഡ് പരിശോധന നടത്തും. നിയമലംഘകര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. ആവർത്തിച്ചാൽ പിഴ ഈടാക്കും.
വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഫയല്‍ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ചു സ്ഥലങ്ങളിൾ കുവൈത്തും ഉള്‍പ്പെട്ടിരുന്നു.