തകർച്ച നേരിട്ട് ഇന്ത്യൻ രൂപ; കുവൈത്ത് ദീനാറിന് മൂല്യമേറി
|ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് എല്ലാ ജി.സി.സി രാജ്യങ്ങളിലെയും നിരക്കിൽ വർധനവുണ്ടാക്കിയിട്ടുണ്ട്
കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപ തകർച്ച നേരിട്ടതോടെ കുവൈത്ത് ദീനാറിന് മൂല്യമേറി. തിങ്കളാഴ്ച വിനിമയ നിരക്ക് ഒരു കുവൈത്ത് ദീനാറിന് 275 ഇന്ത്യൻ രൂപയെന്ന നിലയിലെത്തി. രണ്ടു ദിവസങ്ങളിലായി ഒരു ദീനാറിന് 274 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങളും യുഎസ് സമ്പദ്വ്യവസ്ഥയിൽ വർധിച്ചുവരുന്ന മാന്ദ്യ ഭീതിയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം കുറയാനിടയാക്കിയത്. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതും ഇന്ത്യയിലെ നിക്ഷേപം ദുർബലമായതും കാരണം രൂപ രണ്ട് വർഷത്തിലേറെയായി നഷ്ടത്തിന്റെ പാതയിലാണ്.
കഴിഞ്ഞ മാസം ഒരു കുവൈത്ത് ദീനാറിന് 272 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. പിന്നീടത് 273 ലേക്ക് ഉയർന്നു. ഈ മാസം ആദ്യത്തോടെ 274ന് മുകളിലേക്കും തിങ്കളാഴ്ച 275 ലേക്കും കുതിച്ചുകയറി. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് എല്ലാ ജി.സി.സി രാജ്യങ്ങളിലെയും നിരക്കിൽ വർധനവുണ്ടാക്കിയിട്ടുണ്ട്. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഉയർന്ന നിരക്ക് ലഭിക്കാൻ ഇത് സഹായിക്കും. നിരക്ക് ഉയരുന്നത് വലിയ തുകകൾ അയക്കുന്നവർക്ക് ഏറെ മെച്ചവുമുണ്ടാക്കും.
യുഎസ് ഡോളർ, യൂറോ, സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയ സ്ഥിരതയുള്ള കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യൻ കറൻസികൾ - പ്രത്യേകിച്ച് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ കറൻസികൾ കൂടുതൽ അസ്ഥിരമാണ്.