കുവൈത്തിൽ അനധികൃത പാർട്ടി നടത്തിയവർ അറസ്റ്റിൽ
|നിലവിൽ കുവൈത്തിൽ പൊതുപരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാണ്
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ അനധികൃത പാർട്ടി നടത്തിയവരെ പൊലിസ് അറസ്റ്റു ചെയ്തു. സാൽമിയിലെ ഗെയിംസ് ആൻഡ് എന്റർടെയ്ൻമെന്റ് സെന്ററിൽ അനുവാദമില്ലാതെ പാർട്ടി നടത്തിയവരെയാണ് പിടികൂടിയത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പാർട്ടിയിൽ പങ്കെടുത്തവരെയും സംഘാടകരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
നേരത്തെ ഔദ്യോഗിക അനുമതിയില്ലാതെ പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലം പൊലിസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വേദി കണ്ടെത്തുകയായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ഡി.ജെ ഉപകരണങ്ങൾ, അലങ്കാരങ്ങൾ, ഉച്ചഭാഷിണി എന്നിവ പിടിച്ചെടുത്തു.
പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെടവർക്ക് കൈമാറി. രാജ്യത്തെ സുരക്ഷയും സമാധാനവും നിലനിർത്താൻ ആവശ്യമായ പരിശോധനകൾ തുടരുമെന്നും സംശയാസ്പദമായ ഒത്തുചേരലുകൾ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ കുവൈത്തിൽ പൊതുപരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാണ്.