കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു; പട്ടിക പുറത്തുവിട്ട് കമ്പനി
|49 പേരെ കുറിച്ച് നിലവിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഷമീർ, പന്തളം സ്വദേശി ആകാശ് എസ്. നായർ, പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരിൽ ഏറെയും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്.
അതേസമയം, അപകട സമയം ഫ്ലാറ്റിലുണ്ടായിരുന്നവരുടെ പട്ടിക കമ്പനി പുറത്തുവിട്ടു. 49 പേരെ കുറിച്ച് നിലവിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിൽ 42 പേർ ഇന്ത്യക്കാരും ഏഴ് പേർ ഫിലിപ്പിനോ സ്വദേശികളുമാണ്. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളാണ്.
അനീഷ് കുമാർ ഉണ്ണൻകണ്ടി, അരുൺ ബാബു, കേളു പൊന്മലേരി, സാജു വർഗീസ്, രഞ്ജിത്ത് കുണ്ടടുക്കം, മുഹമ്മദ്ജഹൂർ, വാസുദേവൻ എം നായർ, ലൂക്കോസ് വടക്കോട്ടു കോന്നുണ്ണി, മുഹമ്മദ് ഷെരീഫ്, ശ്രീഹരി പ്രദീപ്, ശ്രീജീഷ് തങ്കപ്പൻ നായർ, ബിനോയ് തോമസ്, വീരച്ചാമി മാരിയപ്പൻ, കാലു ഖാ, ശിവശങ്കർ ഗോവിന്ദൻ, കറുപ്പണ്ണൻ രാമു, സിബിൻ തേവരോട്ട് എബ്രഹാം, മാത്യു തോമസ്, ഷിയോ ശങ്കർ സിംഗ്, സത്യനാരായണ മൊല്ലേടി, ഭുനാഫ് റിച്ചാഡ് റോയ്,
പ്രവീൺ മാധവ് സിംഗ്, ഷിബു വർഗീസ്, ഡെന്നി ബേബി കരുണാകരൻ, നൂഹ് കുപ്പന്റെപുരക്കൽ, ഗൗഡ സന്തോഷ് കുമാർ, ബാഹുലേയൻ മരക്കാടത്ത് പറമ്പിൽ, പ്രാങ്ക്ലിങ്കലൈ സെൽവൻ ജെയിംസ്, സാജൻ ജോർജ്, ദ്വാരികേഷ് പട്ട നായക്, അംഗദ് ഗുപ്ത്യു, എം.ഡി അലി ഹുസൈൻ, ജയറാം ഗുപ്താ, നിതിൻ കൂത്തൂർ, ചിന്നധുരൈ കൃഷ്ണമൂർത്തി, തോമസ് ചിറയിൽ ഉമ്മൻ, രാജു എബമേശൻ, ഷിൻസു ഷാജി, അനിൽ ഗിരി, ആകാശ് ശശിധരൻ നായർ, സ്റ്റെഫിൻ എബ്രഹാം സാബു വിജയകുമാർ പ്രസന്ന എന്നിവരാണ് കാണാതായ ഇന്ത്യക്കാർ. എന്നിവരെ കുറിച്ച് വിവരമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി ആന്റ് ഹൈവേ കമ്പനിയിലെ 196 ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ച ഷമീർ എൻ.ബി.ടി.സി കമ്പനിയിലെ ഡ്രൈവറാണ്.
നിരവധി തമിഴ്നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്ലാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്.