ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന് ഇന്ന് 32 വയസ്സ്
|1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖി സൈന്യം കുവൈത്തിലേക്ക് ഇരച്ചു കയറിയത്
ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന് ഇന്ന് 32 വയസ്സ്. 1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖി സൈന്യം യുദ്ധ മര്യാദകൾ പോലും മറന്ന് കുവൈത്തിലേക്ക് ഇരച്ചു കയറിയത്. കുവൈത്ത് ചരിത്രത്തിൽ കറുത്ത വ്യാഴം എന്നാണു ഈ ദിനം വിളിക്കപ്പെടുന്നത്.
എത്ര പതിറ്റാണ്ടു പിന്നിട്ടാലും കുവൈത്ത് ജനതക്ക് മറക്കാനാവില്ല 1990 ആഗസ്റ്റ് 2 എന്ന ആ കറുത്ത ദിനം . അയല്‍രാജ്യത്തിൻറെ യുദ്ധക്കൊതിയിൽ കുവൈത്തിന് നഷ്ടമായത് നിരവധി പൗരന്മാരുടെ ജീവനായിരുന്നു. അധിനിവേശകാലത്ത് 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. നാല് ലക്ഷം കുവൈത്തി പൗരന്മാരാണ് പലായനം ചെയ്തത്. നിരവധി പേര് തടവുകാരായി അപ്രത്യക്ഷമാവുകയും ചെയ്തു.
കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. ചിലരുടെ ഭൗകാവശിഷ്ടങ്ങൾ സമീപകാലത്തായി ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു. വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകര്‍ത്തു . 639 എണ്ണക്കിണറുകള്അഗ്നിക്കിരയാക്കി. 1991 ഫെബ്രുവരി 26 നു അമേരിക്കയുടെ നേതൃത്തത്തിലുള്ള സഖ്യ കക്ഷികള്‍ ഇറാഖീ പട്ടാളത്തെ തുരത്തി കുവൈറ്റിനെ മോചിപ്പിച്ചെങ്കിലും ഏഴു മാസം നീണ്ടു നിന്ന സൈനിക ഭരണം തീര്‍ത്ത മുറിപ്പാടുകള്‍ ഈ രാജ്യത്ത് ഇന്നുമുണ്ട്. ദുരിത ദിനങ്ങളുടെ കറുത്ത ഓർമകളും .