ഗതാഗത നിയമലംഘനം; പിഴ അടക്കാത്ത പ്രവാസികൾക്കെതിരെ കർശന നടപടി
|ഇന്ന് മുതല്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ യാത്ര തിരിക്കുന്നതിന് മുമ്പായി ട്രാഫിക് പിഴകള്‍ അടക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടക്കാത്ത പ്രവാസികള്‍ക്ക് മേല്‍ പിടി വീഴുന്നു. ഇന്ന് മുതല്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ യാത്ര തിരിക്കുന്നതിന് മുമ്പായി ട്രാഫിക് പിഴകള്‍ അടക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന ഗതാഗത നിയമലംഘനങ്ങളുടെ ഫൈന്‍ അടച്ചാല്‍ മാത്രമേ വിദേശികള്‍ക്ക് ഇന്ന് മുതല്‍ കര-വ്യോമ-കടല്‍ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്യുവാന്‍ അനുമതി നല്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി.ഇതോടെ ചെറിയ തുകയാണെങ്കിൽപോലും ട്രാഫിക് ഫൈന്‍ അടക്കാൻ ബാക്കിയുള്ളവരെ അത് അടച്ചുതീർത്തതിന് ശേഷം മാത്രമേ യാത്രക്ക് അനുവദിക്കുകയുള്ളൂ.
പ്രവാസികൾ നൽകാനുള്ള ഫൈന്‍ രാജ്യം വിടും മുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ഗതാഗത നിയമ ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോര്‍ട്ടല്‍ വഴിയോ ഗതാഗത വകുപ്പിന്റെ ഓഫീസുകള്‍ വഴിയോ പേയ്മെന്റുകൾ നടത്താം. അതോടപ്പം വിമാനത്താവളങ്ങളിലും ബോർഡർ ക്രോസിംഗുകളിലും സജ്ജീകരിച്ചിരിക്കുന്ന പേയ്മെന്റ് ഓഫീസുകൾ വഴിയും ഫൈനുകള്‍ അടച്ച് യാത്ര തുടരാമെന്ന് അധികൃതര്‍ പറഞ്ഞു.
ആഗസ്റ്റ് 19 ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡ് സുരക്ഷ, അപകടങ്ങൾ കുറക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടി.റോഡ് നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, ട്രാഫിക് നിയമം കർശനമാക്കുന്നതോടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.