കുവൈത്തിൽ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് യാത്ര നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ട്രാവൽ ഓഫീസസ് യൂനിയൻ
|രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു ഒമ്പത് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്
കുവൈത്തിൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന അഭ്യർത്ഥനയുമായി ട്രാവൽ ഓഫീസസ് യൂനിയൻ. ബൂസ്റ്റർ ഡോസ് എടുത്തവരെ ക്വാറന്റൈൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കണമെന്നും യൂണിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. വിവിധ രാജ്യങ്ങളിലെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ കുവൈത്ത് മന്ത്രിസഭ ചിലമാറ്റങ്ങൾ വരുത്തിയിരുന്നു. ഇതേ തുടർന്നാണ് ടൂറിസം ട്രാവൽ രംഗത്തുള്ള സഥാപനങ്ങളുടെ കൂട്ടായ്മ അഭ്യർത്ഥനയുമായി എത്തിയത്. നിലവിലെ യാത്രാനുമതി മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും യൂനിയൻ നിർദേശിച്ചു.
ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ ആരോഗ്യ അവസ്ഥയ്ക്ക് സ്ഥിരത കൈവന്നിട്ടുണ്ട്. അതിന് അനുസൃതമായി സാധ്യമാക്കാനുള്ള നടപടികൾ ഉണ്ടാകണം. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് യാത്രാനന്തരം ഹോം ക്വാറന്റൈൻ ഏർപ്പെടുത്തേണ്ടതില്ലെന്നും പഴയ നിയന്ത്രണങ്ങളിലേക്ക് മടങ്ങിയാൽ രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളും വീണ്ടും പ്രതിസന്ധിയിലാകുമെന്നും ട്രാവൽ ഓഫീസസ് യൂനിയൻ ചൂണ്ടിക്കാട്ടി. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു ഒമ്പത് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. ജനുവരി രണ്ടിന് ആണ് നിയമം പ്രാബല്യത്തിലാകുന്നത്.
Travel Offices Union says travel restrictions should not be imposed on those who take two doses in Kuwait