എണ്ണക്കമ്പനിയിൽനിന്ന് ഡീസൽ മോഷ്ടിച്ച് വിറ്റു; രണ്ട് ഇന്ത്യക്കാരും കുവൈത്ത് പൗരനും അറസ്റ്റിൽ
|ടാങ്കറിന് 200 ദിനാർ വീതം കൈപ്പറ്റിയതായും ബാക്കി തുക ഇന്ത്യക്കാർ പങ്കിട്ടതായും കുവൈത്ത് പൗരൻ
കുവൈത്ത് സിറ്റി: എണ്ണക്കമ്പനിയിൽനിന്ന് ഡീസൽ മോഷ്ടിച്ച് കോൺവോയ് റോഡിൽ ട്രക്ക് ഡ്രൈവർമാർക്ക് വിറ്റതിന് കുവൈത്ത് പൗരനെയും ഇയാൾക്കായി ജോലി ചെയ്തിരുന്ന രണ്ട് ഇന്ത്യൻ തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. എണ്ണക്കമ്പനിയിലെ ഒരു ജീവനക്കാരനാണ് സംഭവം ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തന വിഭാഗത്തെ അറിയിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തു.
അൽ വഫ്റ മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്നതിന്റെ മറവിൽ ഷെഡ് സ്ഥാപിച്ചാണ് പ്രതി അനധികൃത പ്രവർത്തനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ടാങ്കർ ട്രക്ക് ഡ്രൈവർമാരായ രണ്ട് ഇന്ത്യൻ തൊഴിലാളികൾ അദ്ദേഹത്തെ സഹായിച്ചു. പ്രതികൾ ഒരു എണ്ണക്കമ്പനിയുടെ സ്ഥലത്തുനിന്നും ഡീസൽ മോഷ്ടിക്കുകയും വാട്ടർ ടാങ്കുകളിൽ നിറയ്ച്ചു വെക്കുകയുമായിരുന്നു. തുടർന്ന് തൊഴിലാളികൾ ട്രക്ക് ഡ്രൈവർമാർക്ക് വിൽക്കുകമായിരുന്നു. ഇന്ത്യൻ തൊഴിലാളികളാണ് ട്രക്ക് ഡ്രൈവർമാർക്ക് സ്ഥലം പറഞ്ഞുകൊടുത്തിരുന്നത്.
മോഷ്ടിച്ച ഡീസൽ വിറ്റ് ഒരു ടാങ്കറിന് 200 ദിനാർ വീതം കൈപ്പറ്റിയതായും ബാക്കി തുക രണ്ട് തൊഴിലാളികളും പങ്കിട്ടതായും കുവൈത്ത് പൗരൻ സമ്മതിച്ചു. ഈ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ, ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനായി സെൻട്രൽ ജയിലിലേക്ക് മാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു.