Kuwait
കുവൈത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു
Kuwait

കുവൈത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു

Web Desk
|
16 March 2022 8:25 AM GMT

ഫെബ്രുവരി മൂന്ന് മുതലാണ് കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങിയത്

കുവൈത്തില്‍ അഞ്ചു മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ കാല്‍ ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി മൂന്ന് മുതലാണ് കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങിയത്. ഇതുവരെ 25000ല്‍ പരം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് കണക്ക്. ഈ പ്രായവിഭാഗത്തില്‍ രാജ്യത്തെ മൊത്തം കുട്ടികളുടെ ആറ് ശതമാനം ആദ്യ ഡോസ് സ്വീകരിച്ചു.

സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ പ്രായവിഭാഗത്തില്‍ 430000 കുട്ടികള്‍ ആണ് രാജ്യത്തുള്ളത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ പ്രധാന കുത്തിവെപ്പ് കേന്ദ്രത്തിലും രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍ ഒന്ന് എന്ന അളവില്‍ ഫൈസര്‍ വാക്‌സിനാണ് കുട്ടികളില്‍ കുത്തിവെക്കുന്നത്. ആദ്യഡോസ് എടുത്തു രണ്ടു മാസം പൂര്‍ത്തിയായാലാണ് സെക്കന്‍ഡ് ഡോസ് നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്ത അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന പി.സി.ആര്‍ പരിശോധന നിബന്ധന പിന്‍വലിച്ച തീരുമാനം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. ഓരോ ആഴ്ചയിലും പി.സി.ആര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയാണ് കോവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ഒഴിവാക്കിയത്.

Similar Posts