കുവൈത്തില്‍ അവധി ദിനങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കി
|വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം മൂവായിരത്തിലേറെ ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
കുവൈത്തില്‍ അവധി ദിനങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കി ട്രാഫിക് പൊലീസ്. ഗതാഗത വകുപ്പ് അസിസ്റ്റന്‍ഡ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്സായിഖിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വരാന്ത അവധി ദിനങ്ങളില്‍ ട്രാഫിക് പോലീസ് പ്രത്യേക വാഹന പരിശോധന ആരംഭിച്ചത്.
ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെയും മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കാമ്പയിന്. വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം 3,506 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ലൈസന്‍സ് കാലാവധി അവസാനിച്ചതും, സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതുമായ നിരവധി വാഹനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ് പത്തു പേരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പത്തു പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത 49 വര്‍ക്ഷോപ്പുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്കി. അലക്ഷ്യമായി പാര്‍ക്ക് ചെയ്ത നൂറിലേറെ കാറുകളില്‍ സ്റ്റിക്കര്‍ പതിച്ചു. 42 ഗാരേജുകളിലേക്കുള്ള വൈദ്യുതി ബന്ധം, ജലം വൈദ്യുതി മന്ത്രാലയം വിച്ഛേദിച്ചിട്ടുമുണ്ട്. സമാന്തരമായി പൊതു സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും താമസരേഖകള്‍ ഇല്ലാത്ത നിരവധി വിദേശികള്‍ പിടിയിലായിട്ടുണ്ട്.