മീഡിയ വണ്ണിന് പിന്തുണ പ്രഖ്യാപിച്ച് കുവൈത്തിൽ അഭ്യുദയകാംക്ഷികൾ ഒത്തുചേർന്നു
|ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സാമൂഹിക-ബിസിനസ് - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
കുവൈത്ത് സിറ്റി: സുപ്രിം കോടതി ഇടപെടലിലൂടെ മീഡിയാവണിന്റെ ലൈസൻസ് പുതുക്കിക്കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചും മീഡിയവണിന് പിന്തുണ പ്രഖ്യാപിച്ചും കുവൈത്തിൽ അഭ്യുദയകാംക്ഷികൾ ഒത്തുചേർന്നു. ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സാമൂഹിക-ബിസിനസ് - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ധീരമായ ചെറുത്തു നിൽപാണ് മീഡിയവൺ നടത്തിയതെന്നും , ഭരണകൂടം മാധ്യമങ്ങൾക്കുമേൽ പിടിമുറുക്കികൊണ്ടിരിക്കുന്ന കാലത്ത് മീഡിയവൺ നിരോധനം നീക്കി സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ രാജ്യത്തെ മൊത്തം മാധ്യമങ്ങൾക്കും പുതിയ ദിശാബോധവും ഊർജ്ജവും നൽകിയതായി സംഗമം വിലയിരുത്തി.
ദേശ സുരക്ഷയുടെ കാര്യം പറഞ്ഞ് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഒതുക്കാനുള്ള ഫാഷിസ്റ്റ് രീതിയെയാണ് മീഡിയവൺ വിധിയിലൂടെ കോടതി തള്ളി കളഞ്ഞതെന്നും സംഗമം അഭിപ്രായപ്പെട്ടു. മാധ്യമം-മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ പി.ടി ശരീഫ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് റസിഡന്റ് മാനേജർ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. അഡ്വ.ഫാതിമ തഹ്‌ലിയ മുഖ്യാതിഥിയായിരുന്നു. ഹംസ പയ്യന്നൂർ,വി.പി. മുഹമ്മദലി,മാത്യു വർഗീസ്, ഖലീൽ അടൂർ, ഹമീദ് കേളോത്ത്, അസീസ് തിക്കോടി, തോമസ് കടവിൽ എന്നിവർ സംസാരിച്ചു.മീഡിയവൺ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.സലിം കോട്ടയില്‍ നന്ദി പറഞ്ഞു.