വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും
|കുവൈത്തിൽ അറുപതു വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനമാണ് റദ്ദാക്കാനൊരുങ്ങുന്നത്
കുവൈത്തിൽ അറുപതു വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും. കുവൈത്ത് മന്ത്രിസഭയ്ക്ക് കീഴിലെ ഫത്വ നിയമ നിർമാണ സമിതിയാണ് മാൻപവർ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിയത്.
തൊഴിൽ അനുമതിയുടെ ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് മന്ത്രിസഭയിലെ ഫത്വ നിയമനിർമാണ സമിതി തീരുമാനാത്തെ നിരാകരിച്ചത്. നിയമനിർമാണ സമിതിയുടെ അറിയിപ്പ് വന്നതോടെ ഇക്കാര്യത്തിൽ ഏറെ നാളായി നിലനിന്നിരുന്ന ആശങ്കൾക്കും അനിശ്ചിതത്വത്തിനും വിരാമമായതായി അൽറായി ദിനപത്രം റിപ്പോർട്ട് ചെയ്തു .
ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടു പിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാൻ പവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെര്‍മിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഹയർ സെക്കന്ററി സർട്ടിഫിക്കറ്റോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികൾക്ക് പ്രായം അറുപതോ അതിൽ കൂടുതലോ ആണെങ്കിൽ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്നായിരുന്നു തീരുമാനം.
2018 ൽ നടപ്പാക്കിയ തൊഴിൽ നിയമത്തിലെ 29 ആം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് 2000 ദിനാർ വാർഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാൻ മാൻ പവർ അതോറിറ്റി സന്നദ്ധമായിരുന്നു.ഈ നിർദേശവും അപ്രായോഗിക്കാമെന്നായിരുന്നു മന്ത്രി മാർ ഉൾപ്പെടെയുള്ളവരുടെ നിലപാട്. ചേംബർ ഓഫ് കൊമേഴ്സും മാൻപവർ അതോറിറ്റിയുടെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു