സൗദിയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച റിഷാദ് അലിയുടെ മൃതദേഹം മക്കയിൽ മറവു ചെയ്തു
|നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് റിഷാദലിയും കുടുംബവും ജിസാനിൽ നിന്നും ജിദ്ദയിലെത്തിയത്. ഇവിടെ നിന്നും നൗഫലിന്റെ കുടുംബത്തോടൊപ്പം മദീനയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു ദാരുണമായ അപകടം.
സൗദിയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച റിഷാദ് അലിയുടെ മൃതദേഹം മക്കയിൽ മറവു ചെയ്തു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ അത്യാസന്ന നിലയിൽ തുടരുകയാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട റിഷാദിന്റെ മൂന്നരവയസ്സുള്ള മകൾ ഇന്ന് ആശുപത്രിവിട്ടു. ഞായറാഴ്ച വൈകുന്നേരം യാമ്പു ജിദ്ദ ഹൈവേയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം തുവ്വൂർ സ്വദേശി റിഷാദ് അലി മരിച്ചത്. മക്കയിലെ ഹറം പള്ളിയിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കി. റിഷാദ് അലിയുടെ ഭാര്യ ഫർസീന ഗുരുതരമായ പരിക്കുകളോടെ ജിദ്ദയിൽ ചികിത്സയിലാണ്. ഇവരുടെ മൂന്നു വയസ്സുകാരിയായ മകൾ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
അപകടത്തിന്റെ ഞെട്ടൽ മാറാതെ ജിദ്ദയിൽ ബന്ധുക്കൾക്കൊപ്പം കഴിയുകയാണ് ഈ മൂന്നു വയസ്സുകാരി. റിഷാദലിയുടെ നാട്ടുകാരനായ നൗഫലിന്റെ ഭാര്യയും ഭാര്യാമാതാവും സഹോദരനും മദീനയിലേക്കുള്ള യാത്രയിൽ ഇവരോടൊപ്പം ഉണ്ടായിരുന്നു. നൗഫലിന്റെ ഭാര്യാമാതാവായ റംലയും, കാർ ഡ്രൈവർ മലപ്പുറം പുകയൂർ സ്വദേശി അബ്ദുൽ റഊഫും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റാബഗ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നൗഫലിന്റെ ഭാര്യ റിൻസിലയും ഇന്ന് ആശുപത്രിവിടും. ഇവരുടെ തുടർ ചികിത്സ ജിദ്ദയിലായിരിക്കും. റിൻസിലയുടെ 16 വയസ്സുള്ള സഹോദരനും സുഖംപ്രാപിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് റിഷാദലിയും കുടുംബവും ജിസാനിൽ നിന്നും ജിദ്ദയിലെത്തിയത്. ഇവിടെ നിന്നും നൗഫലിന്റെ കുടുംബത്തോടൊപ്പം മദീനയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു ദാരുണമായ അപകടം.