ആ കുഞ്ഞിളം പുഞ്ചിരി കാണാന്‍ കാത്തിരുന്നില്ല; ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
|വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫൽ വൈകുന്നേരത്തോടെ സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്
ദോഹ: മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ മരിച്ചു. 35 വയസായിരുന്നു. രണ്ടു മാസം മുമ്പാണ് ഖത്തറിലെത്തിയത്. ഇന്നലെ രാത്രിയിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫൽ വൈകുന്നേരത്തോടെ സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്.
ജൂലായ് ആദ്യ വാരമാണ് ഇദ്ദേഹം ഖത്തറിൽ സ്വകാര്യ ടൈപ്പിങ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തെ, ചെമ്മാട് ദാറുൽ ഹുദ, സബീലുൽ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂർ അൽ അൻവാർ അക്കാദമി എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു.
വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാരാണ് പിതാവ്. മാതാവ് ആയിശ. കൊടലിട സീനത്ത് ആണ് ഭാര്യ. മക്കൾ: മുഹമ്മദ് ഹനൂൻ (മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥി), മുഹമ്മദ് ഹഫിയ്യ് (അൽ ബിർ സ്കൂൾ വേങ്ങര), ഒരു ദിവസം പ്രായമായ ആൺകുഞ്ഞ്. സഹോദരങ്ങൾ: മുനീർ, ത്വയ്യിബ്, ബദരിയ്യ. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും