മലയാളിയുടെ കപ്പൽനിർമാണ ശാല; പുതിയ ഓഫീസിന് തുടക്കം
|ചെമ്മക്കാട് സ്വദേശിയായ എൻ. എം പണിക്കരുടെ മേൽനോട്ടത്തിലുള്ള സ്ഥാപനം കപ്പൽ നിർമാണ- മെയിന്റനൻസ് വ്യവസായ രംഗത്ത് നാലു പതിറ്റാണ്ടു കാലമായി സജീവമാണ്
ദുബൈ: എക്സ്പേർട്ട് മറൈൻ ഷിപ്പിംഗ് സർവീസസ് കമ്പനിയുടെ പുതിയ ഫാക്ടറിയുടെയും കോർപറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനം ദുബൈയിൽ നടന്നു. ചെമ്മക്കാട് സ്വദേശിയായ എൻ. എം പണിക്കരുടെ മേൽനോട്ടത്തിലുള്ള സ്ഥാപനം കപ്പൽ നിർമാണ- മെയിന്റനൻസ് വ്യവസായ രംഗത്ത് നാലു പതിറ്റാണ്ടു കാലമായി സജീവമാണ്.
ഹുമൈദ് ബദർ ഷിപ്പിംഗ് മേധാവി മുഹമ്മദ് അലി എച്ച് ബദർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗൾഫിലെ ആദ്യ കാല കപ്പൽ നിർമാണ-മെയിന്റനൻസ് കമ്പനി കൂടിയാണിത്. ദുബായ് ജദ്ദാഫിലായിരുന്നു നേരത്തെ ആസ്ഥാനം പ്രവർത്തിച്ചിരുന്നത്.
ഉദ്ഘാടന ചടങ്ങിൽ ദുബൈ മാരിടൈം സിറ്റി ഡയറക്ടർ അബ്ദുല്ല സുൽത്താൻ, ബിൻതൂഖ് സലാഹ്, കമേഴ്ഷ്യൽ മാനേജർ മനോജ് കുമാർ, ഓപ്പറേഷൻസ് മാനേജർ ബിജു എബ്രഹാം, രാജ്കുമാർ കൊച്ചുവേളി, രഞ്ജിത്ത് പാറക്കൽ, സിമി പണിക്കർ, മിഥില സിജിൽ, സജിത്ത് സോമൻ, ക്രിസ്റ്റീന മായി എന്നിവർ സംബന്ധിച്ചു
കപ്പൽ സാങ്കേതിക വിദ്യാ രംഗത്തെ പ്രാവീണ്യമുള്ള മലയാളികൾ ചുരുക്കമാണ്. 'പണിക്കർ' എന്ന പേരിൽ 5 ലക്ഷം ഡോളർ ചെലവിട്ട് സ്വന്തമായി ആഡംബര യാത്രാകപ്പൽ നിർമ്മിച്ച് കടലിലിറക്കിയ എൻ എം പണിക്കർ പിന്നീട് അത് സൗദി സ്വദേശിക്ക് കൈമാറുകയായിരുന്നു. കലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ളവ എളുപ്പം മനസിലാക്കാൻ സാധിക്കുന്ന മികച്ച സാങ്കേതിക സൗകര്യങ്ങളായിരുന്നു കപ്പലിന്റെ പ്രത്യേകത. മറ്റു മൂന്നു കപ്പലുകളുടെ പണി അന്തിമ ഘട്ടത്തിലാണ്. എക്സ്പേർട്ട് മറൈൻ ഷിപ്പിംഗ് സർവീസസ് കമ്പനി ഈ രംഗത്ത് പുതിയ ചില ചുവടുവെപ്പുകൾക്ക് പദ്ധതിയിടുന്നതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ എം പണിക്കർ പറഞ്ഞു.
എസ് എൻ മെഡിക്കൽ കോളേജിന്റെ ചെയർമാനും എസ് എൻ ഇഞ്ചിനീയറിങ് കോളേജിന്റെ വൈസ് ചെയർമാനുമാണ് പണിക്കർ. മലയാളികൾ ഉൾപ്പെടെ ഇരുനൂറിലേറെ ജീവനക്കാരാണ് കമ്പനിക്ക് ചുവടെയുള്ളത്.