ഗൾഫ് വിദ്യാർഥികൾക്ക് ഹിമാലയം കാണാം, മീഡിയവണിനൊപ്പം
|20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും
ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന മലയാളി പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയുടെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതിയുമായി മീഡിയവൺ. ഇന്ത്യയെ നേരിൽകണ്ടുപഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 'ആൻപൈൻ ഔറ' എന്ന പേരിൽ ഹിമാലയൻ യാത്രയാണ് ഈ വർഷം നടപ്പാക്കുന്നത്. ഭൂമിയിലെ ഏറ്റവുമുയരമേറിയ പർവതനിരയുടെ മനോഹാരിതക്കൊപ്പം അറിവും അനുഭവവും പകരുന്ന യാത്രയാകും 'ആൻപൈൻ ഔറ'. യാത്ര മീഡിയവൺ സംപ്രേഷണം ചെയ്യും. കേരളത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര ലഡാക്, ജമ്മു ആൻഡ് കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. 20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും.
ഹിമാലയൻ അനുഭവങ്ങളുടെ സങ്കീർണതകളും കാഴ്ചകളുടെ വൈവിവധ്യങ്ങളും ഒത്തുചേരുന്ന സ്ഥലങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ടിബറ്റൻ ഗോമ്പകൾക്ക് പേരുകേട്ട ലേ, മലമുകളിലെ നീലത്തടാകമായ പാംഗോങ്, ഇരട്ടക്കൂനൻ ഒട്ടകങ്ങളുടെ താവളമായ നുബ്ര താഴ്‌വര, ആകാശപാതയെന്ന് വിശേഷിപ്പിക്കാവുന്ന ഖാർദുങ് ചുരം, അതിർത്തി ഗ്രാമങ്ങളായ തുർതുക്, താങ്ങ്, യുദ്ധഭൂമിയായ ദ്രാസ്, ഭൂമിയിലെ സ്വർഗമെന്ന് വിളിക്കുന്ന കാശ്മീർ, ബാക്ക്പാക്കർമാരുടെ ഹിമാലയൻ ഹോട്ട്സ്പോട്ടായ കസോൾ, മലനിരകളുടെ റാണിയായ മസൂറി തുടങ്ങിയ അത്യപൂർവ സ്ഥലങ്ങളിലൂടെ സംഘം സഞ്ചരിക്കും. ദിസ്‌കിറ്റ്, കാർഗിൽ, ദ്രാസ്, സോണാമർഗ്, ശ്രീനഗർ, പഹൽഗാം, കുളു, മണാലി, മണികരൻ, ടോഷ്, ഡെറാഡൂൺ, മൊസൂറി, ധനോൾട്ടി തുടങ്ങിയ സ്ഥലങ്ങളും ഉൾപെടുത്തിയിട്ടുണ്ട്. ഹിമാലയത്തിലെ ജൈവ വൈവിധ്യങ്ങൾ, സാംസ്‌കാരിക പ്രാധാന്യം, ചരിത്രം, പൈതൃകം, നദികൾ തുടങ്ങിയവയെ മുൻനിർത്തിയുള്ള പഠനങ്ങളും തദ്ദേശീയരുമായുള്ള സഹവാസവും യാത്രയുടെ ഭാഗമായുണ്ടാകും.
ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന 14 വയസ്സിനും 17 വയസ്സിനുമിടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് യാത്രക്ക് അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://explore.mediaoneonline.com എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് +91 89433 47444 എന്ന നമ്പറിൽ ബന്ധപ്പെടണം. കൊച്ചിയിലെ എക്‌സ്‌പ്ലോർ ട്രിപ്‌സുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
Mediaone presents Alpine Aura, a Himalayan trip for Malayali non-resident students studying in Gulf countries