തവക്കൽനാ ആപ്പിൽ ഇനി കൂടുതൽ സേവനങ്ങൾ; വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകൾ ആപ്പിലൂടെ അറിയാം
|ഈ സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തവക്കൽന ആപ്പ് സന്ദർശിച്ച് ആരോഗ്യ സേവനങ്ങളിലെ 'ഹെൽത്ത് ട്രാവൽ റിക്വയർമെന്റ്' എന്നതിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ അറിയാം.
കോവിഡ് ആരംഭിച്ചതിന് ശേഷം സൗദിയിൽ വികസിപ്പിച്ച തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നത് തുടരുന്നു. വിവിധ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകൾ ഇനി മുതൽ തവക്കൽന ആപ്പിൽ അറിയാൻ സാധിക്കും. ഓരോ രാജ്യത്തേക്കും നിർബന്ധമുള്ള കോവിഡ് പരിശോധന, യാത്രയുടെ എത്ര ദിവസങ്ങൾ മുമ്പ് എടുക്കണം, ഏതൊക്കെ പ്രായക്കാർക്കാണ് നിബന്ധന ബാധകം, ഓരോ രാജ്യങ്ങളും അംഗീകരിച്ച കോവിഡ് വാക്സിൻ ഏതെല്ലാം, ക്വാറന്റൈൻ തുടങ്ങിയ മറ്റു നിബന്ധനകൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം യാത്രക്കാർക്ക് ആപ്പ് വഴി പരിശോധിക്കാൻ സാധിക്കും.
ഈ സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തവക്കൽന ആപ്പ് സന്ദർശിച്ച് ആരോഗ്യ സേവനങ്ങളിലെ 'ഹെൽത്ത് ട്രാവൽ റിക്വയർമെന്റ്' എന്നതിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ അറിയാം. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യം, പുറപ്പെടുന്ന തിയതി, മടങ്ങുന്ന തിയതി എന്നിവ നൽകുന്നതോടെ വിവരങ്ങൾ കൃത്യമായി ലഭിക്കും. ഇതേ സേവനം വഴി സൗദിയിലെ ഓരോ പ്രവിശ്യയിലുമുള്ള അംഗീകൃത കോവിഡ് പിസിആർ പരിശോധനാ കേന്ദ്രങ്ങൾ സേർച്ച് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നാഷനൽ ഇൻഫർമേഷൻ സെന്റർ വികസിപ്പിച്ചെടുത്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും എളുപ്പത്തിൽ ലഭ്യമാവുന്ന വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാക്കിയത്.