Gulf
സൗദിയിൽ നിതാഖാത്ത് പദ്ധതി പരിഷ്കരിച്ചു; സ്വദേശിവൽക്കരണം കൂടുതൽ മേഖലയിലേക്ക്
Gulf

സൗദിയിൽ നിതാഖാത്ത് പദ്ധതി പരിഷ്കരിച്ചു; സ്വദേശിവൽക്കരണം കൂടുതൽ മേഖലയിലേക്ക്

Web Desk
|
6 Oct 2022 5:43 PM GMT

ഇതിൽ ഉപഭോക്തൃ സേവന മേഖലയില്‍ 100 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കും.

ജിദ്ദ: സൗദിയിൽ കൂടുതൽ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. ചില മേഖലകളിൽ ആറ് മാസത്തിനുളളിൽ നൂറ് ശതമാനം വരെ സൗദിവൽക്കരണം നടപ്പിലാക്കാനാണ് നീക്കം. നവീകരിച്ച നിതാഖാത് പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത്.

വ്യോമയാനം, ഒപ്റ്റിക്കല്‍, ഉപഭോക്തൃ സേവനം, പാഴ്സല്‍ എന്നീ മേഖലകളിലാണ് അടുത്ത ആറ് മാസത്തിനകം സൗദിവല്‍ക്കരണം നടപ്പിലാക്കാൻ മന്ത്രാലയം നീക്കം നടത്തുന്നത്. ഇതിൽ ഉപഭോക്തൃ സേവന മേഖലയില്‍ 100 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കും. ഡിസംബർ 17 മുതലാണ് പദ്ധതി നടപ്പിലാക്കിത്തുടങ്ങുക.

പാഴ്സല്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയിൽ ഡിസംബര്‍ 17 മുതല്‍ 7000 തസ്തികകളാണ് സ്വദേശികൾക്കായി നീക്കിവയ്ക്കുന്നത്. ഇതിൽ ചീഫ് എക്സിക്യൂട്ടീവ് തസ്തികയില്‍ 100 ശതമാനവും മറ്റ് തസ്തികകളില്‍ 70 ശതമാനം വരെയും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. രണ്ട് ഘട്ടങ്ങളായി 4,000 സൗദികള്‍ക്ക് വ്യോമയാന മേഖലയില്‍ പുതിയതായി ജോലി കണ്ടെത്തും.

അടുത്ത വർഷം മാര്‍ച്ച് 15നു പ്രാബല്യത്തില്‍ വരുന്ന ഒന്നാം ഘട്ടത്തില്‍ കോ-പൈലറ്റ്, എയര്‍ കൺട്രോളര്‍, എയര്‍ ട്രാന്‍സ്പോര്‍ട്ടര്‍ തസ്തികകളില്‍ 100 ശതമാനവും എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് തസ്തികയില്‍ 60 ശതമാനവും, ഫ്ലൈറ്റ് അറ്റന്‍റന്‍റ് തസ്തികയില്‍ 50 ശതമാനവുമാണ് സ്വദേശികൾക്ക് നീക്കിവയ്ക്കുക.

2024 മാര്‍ച്ച് നാലിനു രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരുമ്പോള്‍ എയര്‍ ഹോസ്റ്റസ് തസ്തികകളില്‍ 60 ശതമാനവും സൗദിവല്‍ക്കരിക്കും. അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകമാകുക. സ്വദേശികൾക്കായി ആയിരം തൊഴിലവസരങ്ങളാണ് ഒപ്റ്റിക്കല്‍ മേഖലയില്‍ മന്ത്രാലയം ലക്ഷ്യംവയ്ക്കുന്നത്. അടുത്ത വർഷം മാര്‍ച്ച് 18 മുതല്‍ ഈ മേഖലയില്‍ 50 ശതമാനവും സൌദി ജീവനക്കാരായിരിക്കണമെന്നാണ് നിർദേശം. മെഡിക്കല്‍ ഒപ്റ്റിഷ്യന്‍, ഒപ്റ്റിക്കല്‍ ടെക്ക്നിഷ്യൻ തുടങ്ങിയ തസ്തികകള്‍ക്കും ഇത് ബാധകമായിരിക്കും.

ചുരുങ്ങിയത് 5,500 റിയാൽ വേതനം കൊടുക്കണമെന്നും നിർദേശമുണ്ട്. ഇതിന് പുറമെ സെക്യൂരിറ്റി സുരക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകൾ, വാഹന പരിശോധനാ മേഖല, എലിവേറ്റര്‍, ടര്‍ഫ്, ജല ശുദ്ധീകരണം, കാറ്ററിങ്, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട കടകൾ എന്നിവിടങ്ങളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കും.

Similar Posts