Gulf
ആണവ കരാർ: പുതിയ നിർദേശങ്ങൾ, ഇറാന് എണ്ണകയറ്റുമതിക്കും അനുമതി
Gulf

ആണവ കരാർ: പുതിയ നിർദേശങ്ങൾ, ഇറാന് എണ്ണകയറ്റുമതിക്കും അനുമതി

Web Desk
|
20 Aug 2022 1:19 AM GMT

കരാർ പുനഃസ്​ഥാപിച്ചാൽ നാല്​ ഘട്ടങ്ങളായി ഇറാന്​ ഇളവുകൾ നൽകുമെന്ന്​ നിർദേശത്തിൽ പറയുന്നു.

2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ സമർപ്പിച്ച പരിഹാര നിർദേശ ഫോർമുലയുടെ വിശദാംശങ്ങൾ പുറത്ത്​. കരാർ പുനഃസ്​ഥാപിച്ചാൽ നാല്​ ഘട്ടങ്ങളായി ഇറാന്​ ഇളവുകൾ നൽകുമെന്ന്​ നിർദേശത്തിൽ പറയുന്നു. ഭാവിയിൽ ഏതെങ്കിലും രാജ്യം കരാറിൽ നിന്ന്​ പിൻവാങ്ങിയാൽ ഉചിതമായ നഷ്​ടപരിഹാരത്തിന്​ ഇറാന്​ അവകാശമുണ്ടെന്നും കരാർ വ്യക്​തമാക്കുന്നു.

വിയന്നയിലെ നീണ്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ്​ ഇറാനും അമേരിക്കക്കും സ്വീകാര്യമാകുന്ന വ്യവസ്​ഥകൾ ഉൾപ്പെടുത്തി പുതിയ ഫോർമുല യൂറോപ്യൻ യൂണിയൻ കൈമാറിയത്​. തത്വത്തിൽ നിർദേശം സ്വീകാര്യമാണെന്ന സന്ദേശമാണ്​ഇറാൻ അറിയിച്ചിരിക്കുന്നത്​. അമേരിക്കയുടെ ഭാഗത്തു നിന്നും അനുഭാവപൂർണമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ യൂറോപ്യൻ യൂണിയൻ.

കരാർ പുനരുജ്ജീവിപ്പിക്കുന്ന രേഖയിൽ ബന്ധപ്പെട്ട രാജ്യങ്ങൾ ഒപ്പുവെക്കുന്നതി​ൻറ തൊട്ടുപി​റ്റേന്ന്​ 17 ഇറാൻ ബാങ്കുകൾക്കും 150 സാമ്പത്തിക സ്​ഥാപനങ്ങൾക്കും മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം എടുത്തുമാറ്റുമെന്ന്​ നിർദേശത്തിൽ പറയുന്നു. ആണവ കരാർ വ്യവസ്​ഥകളിലേക്ക്​ പൂർണമായും തിരിച്ചു വരാൻ ഇറാനും തയാറാകണം. ദക്ഷിണ ​കൊറിയയുടെ കൈവശമുള്ള ഏഴ് ബില്യൻ ഡോളർ ഇറാൻ ആസ്​തി കൈമാറും.

എണ്ണവിൽപന പുനരാരംഭിക്കാനും ഇറാന്​ സാധിക്കും. കരാറിൽ ഒപ്പുവെച്ച്​ 120 നാളുകൾക്കകം പ്രതിദിനം രണ്ടര ദശലക്ഷം ബാരൽ എണ്ണ കയറ്റുമതിക്ക്​ ഇറാന്​ അവസരം ഒരുങ്ങുമെന്നതും കരാർ വ്യവസ്​ഥയുടെ ഭാഗമാണ്​. കരാറിൽ നിന്ന്​ അമേരിക്ക ഇനി പിൻവാങ്ങിയാൽ അർഹമായ തുക ഇറാന്​ നഷ്​ടപരിഹാരം നൽകണം.

യൂറോപ്യൻ യൂനിയൻ നിർദേശത്തിൽ അമേരിക്കയുടെ നിലപാട്​എന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ്​ ലോകം. ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം തുടരുകയാണ്.

Similar Posts