കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയുന്നു
|കൊഴിഞ്ഞുപോകുന്നവരിൽ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതൽ.
കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശികളുടെ എണ്ണത്തിൽ വന്‍ കുറവുണ്ടായതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 3,82,000ത്തിലധികം പേര് രാജ്യം വിട്ടു. നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് 11.4 ശതമാനം വിദേശികള്‍ കുറഞ്ഞതായി വെളിപ്പെടുത്തിയത്.
കൊഴിഞ്ഞുപോകുന്നവരിൽ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതൽ. ഒരു വര്‍ഷത്തിനിടെ 1,53,000 ഇന്ത്യക്കാരാണ് കുവൈത്തില്‍ നിന്നും തിരികെ പോയത്. കുവൈത്തിലെ മൊത്തം ഇന്ത്യന്‍ സമൂഹത്തിന്റെ 15 ശതമാനത്തോളം വരുമിത്. തൊട്ടുപിന്നാലെ ഒമ്പതു ശതമാനവുമായി ഈജിപ്തുകാരാണുള്ളത്. 2019ല്‍ വിദേശ ജനസംഖ്യയില്‍ 22 ശതമാനം ഉണ്ടായിരുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 19 ശതമാനമായാണ് കുറഞ്ഞത്.
സമാന രീതിയില്‍ ഈജിപ്തുകാരുടെ എണ്ണവും ഒരു ശതമാനം കുറഞ്ഞ് 14 ശതമാനമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോവിഡിന് ശേഷം നിരവധി ഇന്ത്യക്കാർ പ്രവാസം അവസാനിപ്പിക്കുകയോ കുവൈത്തിൽ നിന്ന് മറ്റു നാടുകളിലേക്ക് മാറുകയോ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിർമാണം, ചില്ലറ വ്യാപാരം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഗാര്‍ഹിക മേഖലയില്‍ വിദേശികളുടെ എണ്ണം വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടി. 2017ൽ 20 ശതമാനം ഉണ്ടായിരുന്നത് 23.6 ശതമാനമായാണ് വര്‍ധിച്ചത്.
അതിനിടെ കുവൈത്ത് ജനസംഖ്യയില്‍ 1.8 ശതമാനം വര്‍ധിച്ച് 44.6 ലക്ഷം എത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ ജനസംഖ്യ ഇപ്പോഴും കോവിഡിന് മുമ്പുള്ള നിലയേക്കാൾ താഴെയാണ്. പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് സ്വദേശികള്‍ക്ക് സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വര്‍ധിക്കാന്‍ കാരണമായതായി പഠനം സൂചിപ്പിച്ചു.