ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വാഗ്ദാനം; ദോഹ എക്സ്പോ കാണാന്‍ അവസരം ലഭിച്ചേക്കും
|ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയാണെന്ന് എക്സ്പോ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൌരി പറഞ്ഞു.
ഹമദ് വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ദോഹ എക്സ്പോ കാണാന്‍ അവസരം ലഭിച്ചേക്കും.ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയാണെന്ന് എക്സ്പോ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൌരി പറഞ്ഞു.
മേഖലയില്‍ ആദ്യമായി എത്തുന്ന ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണാ് സംഘാടകര്‍. ഇതിന്റെ ഭാഗമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കൂടി എക്സ്പോ കാണാനുള്ള അവസരത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായും ഖത്തര്‍ എയര്‍വേസുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏഷ്യയില്‍ നിന്നുള്ള യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഹമദ് വിമാനത്താവളത്തെയാണ്.
ഇങ്ങനെയെത്തുന്ന യാത്രക്കാര്‍ക്ക് നേരത്തെ തന്നെ ഖത്തര്‍ ടൂറിസം ദോഹയിലെ വിവിധയിടങ്ങള്‍ കാണാനുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എക്സ്പോ കാണിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഖത്തറിന്റെ ടൂറിസം മേഖലയ്ക്കും അത് കരുത്താകും.
ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന എക്സ്പോ ആറ് മാസം നീണ്ടു നില്ക്കും. മുപ്പത് ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.