എണ്ണവില മൂന്നു ശതമാനം ഇടിഞ്ഞു; സാമ്പത്തിക മാന്ദ്യത്തിൻെറ ആശങ്കയിൽ ലോകം
|ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിൻെറ വ്യക്തമായ സൂചനയായാണ് വിലയിടിവ് വിലയിരുത്തപ്പെടുന്നത്.
ആഗോളതലത്തിൽ അസംസ്കൃത എണ്ണവിലയിൽ ഇടിവ്. ഇന്നുമാത്രം മൂന്നു ശതമാനമാണ് നിരക്കിലുണ്ടായ ഇടിവ്. ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിൻെറ വ്യക്തമായ സൂചനയായാണ് വിലയിടിവ് വിലയിരുത്തപ്പെടുന്നത്.
എണ്ണവില ബാരലിന് 2.93 ഡോളറാണ് കുറഞ്ഞത്. ഇതോടെ അസംസ്കൃത എണ്ണവില ബാരലിന് 87.81 ഡോളറിലേക്ക് കൂപ്പുകുത്തി. പ്രധാന സമ്പദ്ഘടനകൾ മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ ആവശ്യകത കുറഞ്ഞതാണ് എണ്ണക്ക് തിരിച്ചടിയായത്. ഓഹരി വിപണികളിലും തകർച്ച പ്രകടമാണ്. എണ്ണവില വീണ്ടും കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
യു.എസ് ഫെഡറൽ പലിശനിരക്കിൽ കഴിഞ്ഞ ദിവസം വർധന വരുത്തിയതും മാന്ദ്യത്തെ കുറിച്ച ആശങ്ക വർധിപ്പിച്ചു. ഇതിനു തൊട്ടുപിന്നാലെ ഗൾഫ് സെൻട്രൽ ബാങ്കുകളും പലിശനിരക്കിൽ മാറ്റം വരുത്തി. ഇന്ത്യൻ രൂപ ഉൾപ്പെടെ ഏഷ്യൻ കറൻസികളുടെ മൂല്യം വല്ലാതെ ഇടിഞ്ഞു. പണപ്പെരുപ്പം ഉയരുന്ന സാഹചര്യം തടയാൻ സാധ്യമായ നടപടികൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് വിവിധ രാജ്യങ്ങൾ. യുക്രൈനിൽ പിടിച്ചടക്കിയ പ്രദേശങ്ങളിൽ അധീശത്വം സ്ഥാപിക്കാനുള്ള റഷ്യൻ നീക്കവും ആഗോള സമ്പദ്ഘടനക്ക് പുതിയ ഭീഷണിയാണ്. ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ തടസപ്പെട്ടതും എണ്ണമേഖലക്ക് ആഘാതമായി. അതേസമയം ഉൽപാദനത്തിൽ ഗണ്യമായ വർധന ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഒപെക് രാജ്യങ്ങൾ. എണ്ണവില ഇടിയുന്ന പ്രവണത തുടരുകയാണെങ്കിൽ ഉൽപാദന നയം പുനഃപരിശോധിക്കാൻ ഒപെക് രാജ്യങ്ങൾ നിർബന്ധിതമായേക്കും.