'ഫലസ്തീനിലെ ജനങ്ങളോടൊപ്പമാണ് ഒമാൻ'; സുൽത്താൻ ഹൈതം ബിൻ താരിഖ്
|കിഴക്കൻ ജെറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഒമാൻറെ നിലപാട് വീണ്ടും തങ്ങൾ ആവർത്തിക്കുന്നെന്നും സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു
മസ്‌കത്ത്: ഫലസ്തീനിലെ ജനങ്ങളോടൊപ്പമാണ് ഒമാൻ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഒമാൻ കൗൺസിലിൻറെ എട്ടാം ടേമിന്റെ ആദ്യ വാർഷിക സെഷനിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയിരുന്നു ഒമാൻ ഭരണാധികാരി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ നമ്മുടെ സഹോദരങ്ങൾ ഇസ്രായേൽ ആക്രമണവും അന്യായമായ ഉപരോധവും സഹിച്ചുനിൽക്കുന്ന ഗുരുതരമായ ദുരവസ്ഥയെ നാം അഗാധമായ ഉത്കണ്ഠയോടെയാണ് നിരീക്ഷിക്കുന്നത്. കിഴക്കൻ ജെറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഒമാൻറെ നിലപാട് വീണ്ടും തങ്ങൾ ആവർത്തിക്കുന്നു.
അന്താരാഷ്ട്ര സമൂഹത്തോട് അതിന്റെ കടമകൾ നിറവേറ്റാനും ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകളെ മാനിക്കാനും സുൽത്താൻ അഭ്യർഥിച്ചു. ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിന് ഫലപ്രദവും അടിസ്ഥാനപരവുമായ പരിഹാരങ്ങൾ ത്വരിതപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സുൽത്താൻ പറഞ്ഞു.