സഞ്ചാരികളുടെ എണ്ണത്തിൽ 13 ശതമാനം വളർച്ച; ടൂറിസം മേഖലയിൽ ശ്രദ്ധേയമായ നേട്ടവുമായി ഒമാൻ
|ജനുവരി മുതൽ ഏപ്രിൽ വരെ 1.5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഒമാനിലെത്തിയത്
മസ്കത്ത്: ടൂറിസം മേഖലയിൽ ശ്രദ്ധേയമായ നേട്ടവുമായി ഒമാൻ. ജനുവരി മുതൽ ഏപ്രിൽ വരെ 1.5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഒമാനിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 13ശതമാനത്തിൻറെ ഉയർച്ചയാണുണ്ടായിരിക്കുന്നതെന്ന് പൈതൃക-ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഒമാനിലേക്ക് സഞ്ചാരികളുടെ വരവ് ഹോസ്പ്പിറ്റാലിറ്റി മേഖലയിലും ഉണർവ് സൃഷ്ട്ടിച്ചു. ത്രീ-ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്ന അതിഥികളുടെ എണ്ണം ഈ വർഷം 14.9 ശതമാനം വർധിച്ച് 7,68,000 ആയി ഉയർന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ ജബൽ അഖ്ദറിലെത്തിയ സന്ദർശകരുടെ എണ്ണതിൽ 25.8 ശതമാനത്തിൻറെ ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയും ചെയ്തു.
ടൂറിസം മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളാണ് ഈ വളർച്ചക്ക് കാരണമെന്ന് മന്ത്രാലയം പറഞ്ഞു. ടൂറിസ്റ്റ് സൗകര്യങ്ങൾ നവീകരിക്കുക, പ്രധാന സൈറ്റുകളിലേക്കുള്ള റോഡുകളും മറ്റും മെച്ചപ്പെടുത്തുക, ശക്തമായ അന്താരാഷ്ട്ര മാർക്കറ്റിങ് കാമ്പയിനുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഫിച്ച് സൊല്യൂഷൻസ് കമ്പനിയായ ബി.എം.ഐയുടെ റിപ്പോർട്ട് പ്രകാരം ഒമാനിലെ വിനോദ സഞ്ചാരികളുടെ വരവ് ഈ വർഷം 24.7 ശതമാനം വർധിച്ച് 5.3 മില്യണായി ഉയരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.