ബോട്ടിൽ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചു; ഒമാനിൽ 18 ഏഷ്യൻ വംശജർ പിടിയിൽ
|വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ അറസ്റ്റ് ചെയ്തു
മസ്‌കത്ത്: ബോട്ടിൽ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 18 ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ. നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.
അതേസമയം, വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ അറസ്റ്റ് ചെയ്തു. ഇബ്രി സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ധങ്ക് സംസ്ഥാനത്തെ വിവിധ ഫാമുകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ പൂർത്തീകരിക്കുകയും ചെയ്‌തെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.
മസ്‌കത്തിലെ മർദന വീഡിയോ: മൂന്നുപേർ അറസ്റ്റിൽ
മസ്‌കത്ത് ഗവർണറേറ്റിൽ ഒരാളെ ഒരു സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായ സംഭവത്തിലാണ് നടപടി. മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. ആക്രമണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടിയെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അറിയിച്ചു.