വർണാഭമായി ഇന്ത്യൻ സ്കൂൾ ഓഫ് സലാലയുടെ 40-ാം വാർഷികം; ആഘോഷത്തിന് മാറ്റുകൂട്ടി മെഗാ കാർണിവലും
|ഗൾഫിലെ തന്നെ ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നായി ഇന്ത്യൻ സ്കൂൾ സലാല മാറിയിട്ടുണ്ടെന്ന് ഡോ: ശിവകുമാർ മാണിക്യം
സലാല: ഇന്ത്യൻ സമൂഹം ഒന്നടങ്കം ഒഴുകിയെത്തിയ ആഘോഷരാവിൽ ഇന്ത്യൻ സ്കൂൾ സലാലയൂടെ നാൽപതാം വാർഷികാഘോഷം വർണാഭമായി നടന്നു. ഭക്ഷണ ശാലകളും വൈവിധ്യങ്ങളായ ന്യത്തങ്ങളും മികച്ച സംഘാടനവും ഒത്തു ചേർന്നതോടെ സലാലയിലെ ഇന്ത്യൻ സമൂഹത്തിന് മറക്കാനാവാത്ത ഒരു രാവാണ് സ്കൂൾ സമ്മാനിച്ചത്.
ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച ആഘോഷ രാവിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ: ശിവകുമാർ മാണിക്യം മുഖ്യാതിഥിയായിരുന്നു. നാല് പതിറ്റാണ്ട് കാലത്തെ സ്കൂളിന്റെ വളർച്ചയിൽ അഭിമാനിക്കുന്നതായും അതിനായി പരിശ്രമിച്ചവരെ അനുമോദിക്കുന്നു. ഗൾഫിലെ തന്നെ ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നായി ഇന്ത്യൻ സ്കൂൾ സലാല മാറിയിട്ടുണ്ടെന്നും ഡോ: ശിവകുമാർ മാണിക്യം പറഞ്ഞു.
ഡയറക്ടർ ഇൻ ചാർജ് സിറജുദ്ദീൻ നെഹ് ലത് വിശിഷ്ടാതിഥിയായി സംബന്ധിച്ചു. നമ്മുടെ വൈവിധ്യങ്ങളെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദോഫാർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: ആമിർ അലി അൽ റവാസും വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂളിന് മുന്നിൽ വലിയ വികസന പദ്ധതികളാണ് ഉള്ളതെന്ന് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ.സയ്യിദ് ഇഹ്സാൻ ജമീൽ പറഞ്ഞു. പ്രിൻസിപ്പൽ ദീപക് പഠാങ്കർ, ആഘോഷ കമ്മിറ്റി ചെയർമാൻ യാസിർ മുഹമ്മദ്, മറ്റു എസ്.എം.സി അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിതത്തിന്റെ ഉന്നതങ്ങളിൽ എത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരത്തിന്റെ വെള്ളിവെളിച്ചം നൽകിയ കലാലയത്തിന്റെ ഇന്നലെകളിലേക് എത്തി നോക്കുന്നത് കൂടിയായിരുന്നു ആഘോഷം. വിവിധ രാജ്യങ്ങളുടെയും നാൽപത് ന്യത്ത രൂപങ്ങളാണ് ഒരുക്കിയിരുന്നത്.
മെഗാ കാർണിവലിന് ആഘോഷമായി ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെയും വിവിധ ഭാഷ വിഭാഗങ്ങളുടെ യും സഹകരണത്തോടെ ഒരുക്കിയ ഭക്ഷണ സ്റ്റാളുകൾ നമ്മുടെ വൈവിധ്യങ്ങളെ വിളിച്ചറിയിക്കുന്നതായിരുന്നു.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്ന് ചില കലാ പരിപാടികൾ റദ്ദാക്കി. അക്കാദമിക് കലണ്ടറിലെ സാധ്യതയനുസരിച്ച് ഇത് മറ്റൊരു ദിവസം സംഘടിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.