ഇന്ത്യൻ നേവിയും റോയൽ നേവി ഓഫ് ഒമാനും തമ്മിലുള്ള സ്റ്റാഫ് ചർച്ച ന്യൂഡൽഹിയിൽ നടന്നു
|സമുദ്രമേഖലയിൽ ഇന്ത്യയും ഒമാനും തമ്മിൽ നിലവിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ
മസ്കത്ത്: ഇന്ത്യൻ നേവിയും റോയൽ നേവി ഓഫ് ഒമാനും തമ്മിലുള്ള സ്റ്റാഫ് ചർച്ചകളുടെ ആറാമത് പതിപ്പ് ന്യൂഡൽഹിയിൽ നടന്നു. സമുദ്രമേഖലയിൽ ഇന്ത്യയും ഒമാനും തമ്മിൽ നിലവിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ.
റോയൽ നേവി ഓഫ് ഒമാനിൽ നിന്നുള്ള പ്രതിനിധി സംഘത്തെ ജാസിം മുഹമ്മദ് അലി അൽ ബലൂഷിയും ഇന്ത്യൻ സംഘത്തെ മൻമീത് സിംഗ് ഖുറാനയുമായിരുന്നു നയിച്ചിരുന്നത്. കടലിൽ പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് ആവശ്യമായ പൊതുവായ സമുദ്ര സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
കൂടാതെ പ്രവർത്തന സഹകരണം, വിവരങ്ങൾ പങ്കിടൽ, പരിശീലനം, കാലാവസ്ഥാ ശാസ്ത്രം, ജലശാസ്ത്രം, സാങ്കേതിക സഹായം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശകലനം ചെയ്തു. ഒമാൻ പ്രതിനിധി സംഘം ഗുരുഗ്രാമിലെ ഐ.എഫ്.സി-ഐ.ഒ.ആർ സന്ദർശിച്ചു. ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വി.എ.ഡി.എം തരുൺ സോബ്തിയെയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിലൊന്നാണ് ഒമാൻ.