മസ്‌കത്ത് മുനിസിപ്പാലിറ്റിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു
|കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞതിന് ശേഷമാണ് നടപടി
മസ്‌കത്ത് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ നടപടിപടിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. വാണിജ്യ, പാർപ്പിട മേഖലകളിൽ കാറുകൾ ഉപേക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
മസ്‌കത്തിലെ ബൗഷർ വിലായത്തിൽ വാണിജ്യ, പാർപ്പിട മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങളാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി നീക്കം ചെയ്തത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞതിന് ശേഷമാണ് നടപടിയെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പറഞ്ഞു.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്‌കത്തിന്റെ നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്ന രീതിയിലാണ് പൊതുസ്ഥലങ്ങളിലും തെരുവുകളിലും ആളുകൾ വാഹനങ്ങൾ ഉപേക്ഷിക്കുന്നത്. വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും.
ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകളും ബസുകൾ പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തും.