വാഹനങ്ങൾ നിരത്തുകളിൽ ഉപേക്ഷിക്കൽ; നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി
|ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
വാഹനങ്ങൾ നിരത്തുകളിൽ ഉപക്ഷേിച്ച് പോകുന്നതിനെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
മസ്കത്ത് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റി ഈ വർഷത്തിന്റെ തുടക്കത്തിൽതന്നെ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ നീക്കം ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞതിന് ശേഷമാണ് നടപടി.
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ബൗഷറിൽനിന്നാണ്. 42 വാഹനങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.മസ്കത്ത് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസർമാരുടെ ശ്രദ്ധയിൽപ്പെടുകയോ ഒമാൻ സ്വദേശികളുടെയും താമസക്കാരുടേയും പരാതിയെ തുടർന്നോ ആണ് വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിൽ അധികവും നീക്കുന്നത്.
എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും.