Oman
വി. മുരളീധരൻ
Oman

ഒമാൻ സന്ദർശനം പൂർത്തിയാക്കി വി. മുരളീധരൻ മടങ്ങി

Web Desk
|
21 Oct 2023 6:34 AM GMT

ഒമാൻ സാമ്പത്തിക, തൊഴിൽ മന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തി

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധങ്ങൾ വിപുലപ്പെടുത്തി രണ്ടു ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മടങ്ങി.

ഒമാനിലെത്തിയ മന്ത്രി ഒമാൻ സാമ്പത്തിക, തൊഴിൽ മന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബഒവീനുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ മേഖലയിലെ സഹകരണത്തിന്റെ നിലവിലുള്ള വശങ്ങൾ ചർച്ച ചെയ്തു.

പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനായി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങൾ പ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

മസ്കത്ത് ഇന്ത്യൻ എംബസിയിൽ ഇന്ത്യൻകമ്യൂണിറ്റി അംഗങ്ങളുമായി സംവദിച്ച മന്ത്രി, ഒമാനിലെ ഇന്ത്യൻ സമൂഹം നമ്മുടെ ആഗോള കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പറഞ്ഞു.

ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കമ്മ്യൂണിറ്റിയിലെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ സോഷ്യൽ ക്ലബിലെ അംഗങ്ങൾ എന്നിവരുമായി ആശയവിനിമയവും നടത്തി.

മസ്‌കത്തിലെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രവും മന്ത്രി സന്ദർശിച്ചു. ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പ്രധാന വശങ്ങൾ ചർച്ച ചെയ്തു. മുരളീധരന്‍റെ മൂന്നാം ഒമാൻ സന്ദർശനത്തിനാണ് സമാപനമായത്.

Similar Posts