എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കൽ: ഇന്ത്യക്കും ഒമാനുമിടയിലുള്ള വിമാനക്കൂലി കുതിച്ചുയർന്നു
|എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയ വാർത്തകൾ മറ്റ് എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയതായി ട്രാവൽ ഏജന്റുമാർ
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയത് ഇന്ത്യക്കും ഒമാനുമിടയിലുള്ള വിമാനക്കൂലി കുതിച്ചുയരാൻ ഇടയാക്കി. ക്യാബിൻ ക്രൂവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയിരുന്നത്. എന്നാൽ പ്രശ്നം പരിഹരിച്ച് സാധാരണ പ്രവർത്തനം പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾക്കിടയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തടസ്സപ്പെട്ടു. ഞായറാഴ്ച മുംബൈയിൽനിന്നും കണ്ണൂരിൽനിന്നും മസ്ക്കത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി ഒരു ട്രാവൽ ഏജന്റിനെ ഉദ്ധരിച്ച് ഒമാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ മസ്കത്ത്-കൊച്ചി, തിരുവനന്തപുരം-മസ്കത്ത് സർവീസുകൾ പ്രവർത്തിപ്പിക്കാൻ എയർലൈന് കഴിഞ്ഞു. പക്ഷേ ചില സർവീസുകൾ റദ്ദാക്കിയ വാർത്തകൾ മറ്റ് എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയതായി ട്രാവൽ ഏജന്റുമാർ പറഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
'സാധാരണയായി 30 ഒമാനി റിയാൽ മുതൽ 40 ഒമാനി റിയാൽ വരെയുണ്ടായിരുന്ന കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 160 ഒമാനി റിയാൽ ആയി ഉയർന്നു, ഇത് 400 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്' റൂവി ആസ്ഥാനമായുള്ള ഒരു പ്രമുഖ ട്രാവൽ ഏജന്റ് വെളിപ്പെടുത്തി.
മസ്കത്ത്-കണ്ണൂർ റൂട്ടിൽ ഗോ എയർ പ്രവർത്തനം നിർത്തിയതോടെ, യാത്രക്കാർ ഇപ്പോൾ (ഏകദേശം 100 കിലോമീറ്റർ) ദൂരെയുള്ള കോഴിക്കോട് വഴിയുള്ള എയർലൈനുകളെ ആശ്രയിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. മുംബൈയിൽനിന്ന് മസ്കത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ആഘാതം ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. സാധാരണയായി 150 ഒമാനി റിയാൽ ചിലവ് വരുന്ന രണ്ട് മണിക്കൂർ ഫ്ളൈറ്റ് യാത്രാനിരക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഭൂതപൂർവ നിലയിലേക്ക് ഉയർന്നിരിക്കുകയാണ്. എന്നാൽ, മെയ് 24 മുതൽ മുംബൈയിൽ നിന്ന് മസ്കത്തിലേക്കുള്ള വൺവേ ടിക്കറ്റുകൾ 50 ഒമാനി റിയാലിൽ താഴെ ലഭിച്ചേക്കുമെന്നും വാർത്തകളിലുണ്ട്.
വർധിച്ചുവരുന്ന വിമാനനിരക്കിൽ പ്രവാസികൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. സാഹചര്യം മുതലെടുക്കുന്ന എയർലൈനുകളെ ചിലർ വിമർശിച്ചതായും ഒമാൻ ടൈംസ് റിപ്പോർട്ടിൽ പറഞ്ഞു. വിസയുടെ കാലാവധി തീരുന്നത് ചിലരുടെ സാമ്പത്തിക ബുദ്ധിമുട്ട് കൂട്ടി. വൺവേ ടിക്കറ്റിന് ഏകദേശം 200 ഒമാനി റിയാൽ നൽകിയതായാണ് ഒരു പ്രവാസി പറഞ്ഞത്.
കുതിച്ചുയരുന്ന വിമാന നിരക്കുകളും അനിശ്ചിതത്വമുള്ള ഫ്ളൈറ്റ് ഷെഡ്യൂളുകളും കൊണ്ട് യാത്രക്കാർ ബുദ്ധിമുട്ടുന്നതിനാൽ ഇന്ത്യ-ഒമാൻ റൂട്ടിൽ നിയന്ത്രിത നിരക്ക് നിർണയവും ശരിയായ ഷെഡ്യൂളിംഗും ആവശ്യമാണെന്നാണ് പ്രവാസികളടക്കമുള്ളവരുടെ ആവശ്യം.