മസ്‌കത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ എയർ ഇന്ത്യ നിർത്തി
|ഹൈദരാബാദ്, ചെന്നൈ,ബംഗളൂരൂ, മുംബൈ, ഡൽഹി എന്നീ സെക്ടറുകളിലേക്കാണ് മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യക്ക് സർവീസ് ഉണ്ടായിരുന്നത്
മസ്‌കത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ളള വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തി. ഹൈദരാബാദ്, ചെന്നൈ,ബംഗളൂരൂ, മുംബൈ, ഡൽഹി എന്നീ സെക്ടറുകളിലേക്കാണ് മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യക്ക് സർവീസ് ഉണ്ടായിരുന്നത്. എന്നാൽ ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം ഒന്നൊന്നായി സർവീസുകൾ നിർത്തുകയായിരുന്നു. മസ്‌കത്തിൽ നിന്നുള്ള ഹൈദാരബാദ് സർവീസാണ് ആദ്യം നിർത്തിയത്. പിന്നീട് മസ്‌കത്ത്-ചെന്നൈ സർവീസും നിർത്തലാക്കി.
അടുത്തിടെയാണ് മസ്‌കത്ത്-മുബൈ സർവീസുകളും അവസാനിപ്പിച്ചത്. ആദ്യകാലത്ത് മസ്‌കത്തിൽ നിന്ന് എയർ ഇന്ത്യ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. മസ്‌കത്ത്-മുംബൈ സർവീസാണ് ഇതിൽ പ്രധാനപ്പെട്ടത്. തിരുവനന്തപുരം സർവീസ് തുടങ്ങുന്നതിന് മുമ്പ് മലയാളികൾ അടക്കമുള്ളവർ മുംബൈ വഴിയാണ് നാടണഞ്ഞിരുന്നത്. എയർ ഇന്ത്യ എക്പ്രസ് സർവീസ് ആരംഭിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക് എയർ ഇന്ത്യയാണ് സർവീസ് നടത്തിയിരുന്നത്.