സൂറിൽ പഴയ കെട്ടിടം തകർന്ന് വീണ് പ്രവാസി ദമ്പതികൾ മരിച്ചു
|ഗുജറാത്ത് സ്വദേശികളായ പുരുഷോത്തം നീരാ നന്ദു ഭാര്യ പത്മിനി പുരുഷോത്തം എന്നിവരാണ് മരിച്ചത്
മസ്കത്ത്: ഒമാനിലെ സൂറിൽ പഴയ കെട്ടിടം തകർന്ന് വീണ് രണ്ട് പ്രവാസികൾ മരിച്ചു. ഗുജറാത്ത് സ്വദേശികളായ രണ്ട് വൃദ്ധ ദമ്പതികളാണ് മരിച്ചത്. ഒമാനിലെ വാണിജ്യ വ്യവസായ രംഗത്തെ അതികായനായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് താമസിക്കുന്ന കെട്ടിടം തകർന്നു വീണതിനെ തുടന്ന് മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
സൂറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട മഴയിൽ കുതിർന്ന താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാറി താമസിക്കാൻ ശ്രമിക്കുന്നതിനിടെ രാത്രി ഒരു മണിയോടെയാണ് അത്യാഹിതം സംഭവിക്കുന്നത്. അധികൃതരുടെ അഹോരാത്ര പരിശ്രമങ്ങക്കൊടുവിൽ രാവിലെ എട്ടര മണിയോടെയാണ് മൃതദേഹം കണ്ടെടുക്കാനായായത്.
70 വർഷത്തോളാമായി സൂറിൽ കച്ചവടം നടത്തികൊണ്ടിരിക്കയായിരുന്ന നീരാ നന്ദു ഒമാനിലെ പഴയ കാലത്തെ ഒട്ടുമിക്ക വാണിജ്യ വ്യവസായ പ്രമുഖരുമായി വളരെ അടുത്ത ബന്ധനങ്ങൾ പുലർത്തിയിരുന്നു. സത്യ സന്ധമായ ഇടപെടലുകളിലൂടെ ഒമാനി സമൂഹത്തിന്റെ നിർലോഭമായ സ്നേഹവും സഹകരണവും ലഭ്യമായ അദ്ദേഹത്തിന്റെ സൂർ ലേഡീസ് സൂഖിലെ ഹീരാനന്ദ് കിഷൻദാസ് കടയിൽ പ്രധാനമായും ഒമാനി വസ്ത്രങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയ സാധങ്ങളാണ് വ്യാപാരം നടത്തിയിരുന്നത്. ഒമാനിലെ തന്നെ ഏറ്റവും പഴയ കച്ചവടക്കാരൻ എന്ന നിലക്ക്, ചരിത്രന്വേഷികൾ സുൽത്താനേറ്റിന്റെ വളർച്ചയുടെ ചരിത്രങ്ങൾ തേടി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.