അറബ് ഗൾഫ് കപ്പ്; ബഹ്‌റൈനെ തകർത്തത് ഒമാൻ ഫൈനലിൽ
|അറബ് ഗൾഫ് കപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ഒമാൻ. ഇറാഖിലെ ബസ്‌റ അൽമിന ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബഹ്‌റൈനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒമാൻ തകർത്തത്.
കളി അവസാനിക്കാൻ പത്തു മിനിറ്റ് മാത്രം ശേഷിക്കെ മുൻനിരതാരം ജമീൽ അൽ യഹ്മദിയാണ് ഒമാന്റെ വിജയ ഗോൾ നേടിയത്. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഇറാഖാണ് ഒമാെന്റ എതിരാളികൾ.
ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്ന് നിന്നു. മികച്ച ഒത്തിണക്കത്തോടെയും പന്തടക്കവും കാഴ്ചവെച്ച ബഹ്‌റൈൻ ഒമാൻ ഗോൾമുഖത്ത് നിരന്തര ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയായിരുന്നു ആദ്യ മിനിറ്റുകളിൽ കണ്ടത്.
ഗോളിയും പ്രതിരോധനിരയും ഉറച്ച് നിന്നതിനാൽ ബഹ്‌റൈന് വലകുലുക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ കൂടുതൽ അക്രമിച്ച് കളിക്കുക എന്ന തന്ത്രമായിരുന്നു ഒമാൻ സ്വീകരിച്ചത്. കൗണ്ടർ അറ്റാക്കുകളിലൂടെ ഒമാൻ ഇടക്ക് ബഹ്‌റൈൻ ഗോൾമുഖത്ത് ഭീതി വിതച്ചു.
രണ്ട് ടീമുകൾക്കും തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലെടുക്കാനായില്ല. ഒടുവിൽ 83ാം മിനിറ്റിൽ ജമീൽ അൽ യഹ്മദിയുടെ തകർപ്പൻ വലം കാൽ ഷോട്ട് ബഹ്‌റൈൻന്റെ ഫൈനൽ സ്വപ്നം തകർത്ത് വലയിൽ മുത്തമിട്ടു.