Oman
Archaeological excavations at Natif Caves in Hasik, Dhofar have unearthed evidence of the oldest fishing community in the Arabian Peninsula.
Oman

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ മത്സ്യബന്ധന സമൂഹം ഒമാനിൽ

Web Desk
|
29 July 2024 11:12 AM GMT

ദോഫാറിലെ നാതിഫ് ഗുഹയിൽ തെളിവുകൾ കണ്ടെത്തി

സലാല:ദോഫാർ ഹാസിക്കിലെ നാതിഫ് ഗുഹകളിൽ നടത്തിയ പുരാവസ്തു ഖനനത്തിൽ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ മത്സ്യബന്ധന സമൂഹത്തിന്റെ തെളിവുകൾ കണ്ടെത്തി. ഗുഹയ്ക്കുള്ളിൽ മത്സ്യത്തിന്റെയും ആമയുടെയും അവശിഷ്ടങ്ങളും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന കയറിന്റെ കഷണവുമാണ് കണ്ടെത്തിയത്. ചെടിയുടെ നാരുകൾ കൊണ്ട് നിർമിച്ച ഈ കയറിന് 9,000 വർഷം പഴക്കമുണ്ട്. കൂടാതെ, നിരവധി തീ കത്തിക്കാനുള്ള ഉപകരണങ്ങളും മുത്തുകളും കണ്ടെത്തി. ഫ്രഞ്ച് ആർക്കിയോളജിക്കൽ മിഷൻ 'അറേബ്യൻ സീഷോർസ്' ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച് കഴിഞ്ഞ പത്ത് വർഷമായി ദോഫാർ തീരത്ത് ഖനനം നടത്തിവരികയാണ്.

പുരാതന ശിലായുഗത്തിന്റെ അവസാനകാലം (ബിസി 9,500 - 11,000), നിയോലിത്തിക്ക് (ബിസി 5,000 - 8,500), വെങ്കലയുഗം (ബിസി 3,000 - 5,000), ഇസ്‌ലാമിക യുഗം എന്നിവയുൾപ്പെടെ വിവിധ ചരിത്ര കാലഘട്ടങ്ങളിലായുള്ള നാതിഫ് ഗുഹ ഏറെ പ്രധാനപ്പെട്ടവയാണ്.

'ഫ്രഞ്ച് മിഷൻ നിയോലിത്തിക്ക് കാലഘട്ടത്തിലെ മനുഷ്യ അവശിഷ്ടങ്ങളെ കുറിച്ച് പഠിക്കുകയും ആ കാലഘട്ടം മുതൽ മനുഷ്യർ അവശേഷിപ്പിച്ച എല്ലാ അവശിഷ്ടങ്ങളും ശേഖരിക്കുകയും ചെയ്യുന്നു' ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ സർവേസ് ആൻഡ് ആർക്കിയോളജിക്കൽ എക്സ്വേഷൻസ് വിഭാഗം മേധാവി അലി ബിൻ മുസ്‌ലിം അൽ മാഹ്‌രി പറഞ്ഞു.

ഡോ വിൻസെന്റ് ചാർപെന്റിയറുടെ നേതൃത്വത്തിൽ ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവന്റീവ് ആർക്കിയോളജിക്കൽ റിസർച്ച് നടത്തിയ പഠനങ്ങൾ പുരാവസ്തുകളുടെ പ്രായവുമായി ബന്ധിപ്പിച്ച് ഭൂഗർഭ നിക്ഷേപങ്ങളുടെ പ്രായം നിർണയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

10,500 വർഷം പഴക്കമുള്ള അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ വേട്ടക്കാരന്റെ അവശിഷ്ടങ്ങൾ സംഘം കണ്ടെത്തിയതായും മാഹ്‌രി അറിയിച്ചു. ഈ പ്രദേശത്ത് കണ്ടെത്തിയ ഷെല്ലുകൾ സൂചിപ്പിക്കുന്നത് ശിലായുഗത്തിന് ശേഷം ആദ്യമായി വേട്ടയാടൽ ശീലമാക്കിയ സ്ഥലമാണിതെന്നാണ് നിരീക്ഷണം.

വെട്ടാനും കുഴിക്കാനും ചുരണ്ടാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ഖനന സംഘം നാതിഫ് ഗുഹകളിൽ നിന്ന് കണ്ടെത്തി. ഹാസിക്കിൽ നിരവധി പുരാവസ്തു സൈറ്റുകൾ ഉണ്ടെന്നും പൈതൃക വിനോദസഞ്ചാര മന്ത്രാലയം സമീപഭാവിയിൽ ഇവിടെ പര്യവേക്ഷണം നടത്താൻ പദ്ധതിയിടുന്നതായും മാഹ്‌രി അറിയിച്ചു.

Similar Posts