കേരളത്തിൽനിന്ന് മദീന വഴി ഈജിപ്തിലേക്ക് സൈക്കിളിൽ യാത്ര: ഹാഫിസ് സാബിത്ത് ഒമാനിലെത്തി
|ഒമാനിലെ സന്ദർശനം പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ തന്നെ യു.എ.ഇയിലേക്ക് യാത്ര തിരിക്കും
മസ്‌കത്ത്: കേരളത്തിൽനിന്ന് മദീന വഴി ഈജിപ്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന ഹാഫിസ് സാബിത്ത് ഒമാനിൽ എത്തി. ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ഉപരി പഠനത്തിനായാണ് ഈ 21 വയസ്സുകാരന്റെ സൈക്കിൾ യാത്ര.
മംഗളൂരു സ്വദേശിയായ അഹമ്മദ് സാബിത് ഒക്ടോബർ 20ന് തിരുവനന്തപുരത്ത് നിന്നാണ് സെക്കിളിൽ യാത്ര ആരംഭിച്ചത്. രണ്ട് ഭൂഖണ്ഡങ്ങളും 11 രാജ്യങ്ങളും 15,000 കിലോമീറ്ററും 200 ദിവസം കൊണ്ടു താണ്ടുകയാണ് ലക്ഷ്യം. ഒമാനിലെ സന്ദർശനം പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ തന്നെ യു.എ.ഇയിലേക്ക് യാത്ര തിരിക്കും. പിന്നീട് സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഇസ്രായേൽ, പലസ്തീൻ എന്നീ രാജ്യങ്ങൾ വഴി ഈജിപ്തിൽ എത്തുകയാണ് ലക്ഷ്യം. മക്കയിലെത്തി ഉംറ നിർവഹിച്ച് മദീനയിലെത്തി പ്രവാചകരെ സന്ദർശിക്കണമെന്ന ഹാഫിസ് സാബിത്തിന്റെ ആഗ്രഹസാഫല്യത്തിന് കൂടിയാണ് യാത്ര അവസരമൊരുക്കുന്നത്.
നേരത്തെ കേരളത്തിലുടനീളം നടത്തിയ സൈക്കിൾ സവാരിയാണ് ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്രക്ക് പ്രചോദനം. നാടും നഗരവും പിന്നുട്ടുള്ള യാത്രയിൽ ഓരോ പ്രദേശത്തിന്റെയും ജീവിതവും സംസ്‌കാരങ്ങൾ കണ്ടും പഠിച്ചും അനുഭവിച്ചുമാണ് ഹാഫിസ് സാബിത്തന്റെ സൈക്കിളിൽ യാത്ര.