ബ്രൂസെല്ലോസിസ് രോഗം; ജാഗ്രതാ മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
|മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം
മസ്‌കത്ത് : ബ്രൂസെല്ലോസിസ് രോഗവുമായി ബന്ധപ്പെട്ട് ജാഗ്രതാ മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. ആട്, ഒട്ടകം, പശു, പന്നി, നായ എന്നിങ്ങനെയുള്ള മൃഗങ്ങളെ ബാധിക്കുന്ന ബ്രൂസെല്ല ബാക്ടീരിയയുടെ വിവിധ ഇനങ്ങളാണ് ഈ രോഗത്തിന് കാരണം. യഥാവിധി പാചകം ചെയ്യാത്ത, തിളപ്പിക്കാത്ത, പാസ്ചറൈസ് ചെയ്യാത്ത രോഗബാധിത മൃഗങ്ങളുടെ പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതാണ് ഏറ്റവും സാധാരണമായി രോഗം ബാധിക്കാൻ കാരണമാകുന്നത്.
ബ്രൂസെല്ലോസിസ് വിവിധ ലക്ഷണങ്ങളിലൂടെ പ്രകടമാകാം, അവയിൽ ചിലത് ദീർഘകാലത്തേക്ക് നിലനിൽക്കും. പനി, പേശി വേദന, സന്ധി വേദന, പുറം വേദന, ക്ഷീണം, അലസത, വിറയൽ, വിശപ്പില്ലായ്മ, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ഏതൊരാളും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണാനും രോഗബാധയുമായി സമ്പർക്കം ഉണ്ടായേക്കാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയും വേണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.