Oman
ചിന്തൻ ശിബിരം യഥാർഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി കൊണ്ടുള്ള വെറും പ്രഹസനം: ഒ.ഐ.സി.സി മുന്‍ ദേശീയ ഭാരവാഹികള്‍
Oman

'ചിന്തൻ ശിബിരം യഥാർഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി കൊണ്ടുള്ള വെറും പ്രഹസനം': ഒ.ഐ.സി.സി മുന്‍ ദേശീയ ഭാരവാഹികള്‍

ijas
|
25 Aug 2022 5:19 PM GMT

തങ്ങളുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഒ.ഐ.സി.സി മുന്‍ ദേശീയ ഭാരവാഹികള്‍

ഒമാൻ: ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മസ്കത്തിൽ നടക്കുന്ന ചിന്തൻ ശിബിരം യഥാർഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി കൊണ്ടുള്ള വെറും പ്രഹസനമാണെന്ന് ഒ.ഐ.സി.സി മുന്‍ ദേശീയ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒമാനിലെ കോണ്‍ഗ്രസ് നേതാക്കളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും നന്നായി അറിവുള്ള മുതിര്‍ന്ന കെ.പി.സി.സി നേതാക്കളെ മനഃപൂര്‍വ്വം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന നാടകം ആണ് ചിന്തന്‍ ശിബിരം. ഒമാനിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ യാതൊരു സംഭാവനയും നല്‍കാത്ത ചിലര്‍ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ഥാനമാനങ്ങളില്‍ കയറിപ്പറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന എ.ഐ.എ.ഡി.എം.കെയുടെ ഭാരവാഹിയെ പോലും ഉപാധ്യക്ഷനാക്കിയിരിക്കുന്നത് ഈ കച്ചവടത്തിന്‍റെ ഉദാഹരണങ്ങളിലൊന്നാണ്. കോണ്‍ഗ്രസ് ആശയങ്ങള്‍ മുറുകെ പിടിച്ചു പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നിന്നവരെ ഒഴിവാക്കി. ഒരു പൊതുപ്രവര്‍ത്തനവും നടത്താത്ത ചിലരുടെ കോർഡിനേഷന്‍ കമ്മിറ്റി മാത്രമായി ഒ.ഐ.സി.സി മാറിയെന്നും ഇവര്‍ ആരോപിച്ചു.

തങ്ങളുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി ഉടന്‍ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കൾ കാത്തിരിക്കാന്‍ നിർദേശിച്ചതു കൊണ്ടാണ് ഇത് വൈകുന്നത്. എല്ലാ കോണ്‍ഗ്രസ് അനുകൂല സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കെ.പി.സി.സി നേതൃത്വം മറ്റു സംഘടനകളെ ഒ.ഐ.സി.സിയില്‍ ലയിപ്പിച്ചപ്പോള്‍ യാതൊരു ഉപാധികളും കൂടാതെ എല്ലാവരെയും കൂട്ടിയിണക്കി ഒന്നിച്ചു കൊണ്ടുപോകാൻ അന്നത്തെ പ്രസിഡന്‍റ് സിദ്ദീഖ് ഹസ്സൻ ശ്രമിച്ചിരുന്നു. അന്ന് വിമത പ്രവര്‍ത്തനം നടത്തി ഒ.ഐ.സി.സിയെ പൊതുജന മധ്യത്തില്‍ മോശമാക്കാൻ ശ്രമിച്ചവരാണ് ഇന്ന് അച്ചടക്കത്തിന്‍റെ വക്താക്കളായി അവതരിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങൾ ഉടൻ ആരംഭിക്കും. കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചില്‍ ഒമാനില്‍ നിന്ന് മറുവിഭാഗം പിരിച്ച തുക കേരളത്തില്‍ എത്തിയില്ലെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനാൽ ഒരു പൈസ പോലും ഫീസ് ഈടാക്കാതെയാണ് അംഗത്വവിതരണം നടത്തുക. ചിന്തന്‍ ശിബിരിനു ശേഷം ഔദ്യോഗിക പക്ഷം എന്ന് അവകാശപ്പെടുന്നവരില്‍ നിന്ന് അസംതൃപ്തരായ പല നേതാക്കളും പ്രവര്‍ത്തകരും തങ്ങളോടൊപ്പം എത്തുമെന്നും അവര്‍ അവകാശപ്പെട്ടു. ഗോപകുമാര്‍, അനീഷ് കടവില്‍, ജിജോ കടന്തോട്ട്, സതീഷ് പട്ടുവം, നിധീഷ് മാണി, മനാഫ് തിരുനാവായ, റാഫി ചക്കര, ഹരിലാല്‍ വൈക്കം, സജി ഏനാത്ത്, പ്രിട്ടോ സാമുവല്‍, സന്ദീപ് സദാനന്ദന്‍, ഹനീഫ കൂട്ടായി, ഖാലിദ് പട്ടാമ്പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Similar Posts