അപകടത്തിൽ മരിച്ച മിസ്ബാഹിന്റെ പേരിൽ അനുസ്മരണം സംഘടിപ്പിച്ചു
|സലാല: അപകടത്തിൽ നിര്യാതനായ മുൻ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി മിസ്ബാഹ് റഷീദിന്റെ പേരിൽ സലാലയിൽ അനുശോചന യോഗവും ജനാസ നമസ്‌കാരവും നടന്നു. ഐ.എം.ഐ സലാല ഐ.എം.ഐ ഹാളിൽ നടത്തിയ പരിപാടിയിൽ മിസ്ബാഹിന്റെ സഹപാഠികളും അധ്യാപകരുമടക്കം നിരവധിപേർ പങ്കെടുത്തു.
സലാല ഇന്ത്യൻ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കോഴിക്കോട് ലോക്കോളജിലെ നിയമ വിദ്യാർത്ഥിയുമായിരുന്നു മിസ്ബാഹ്. ജൂലൈ 23ന് ചേറ്റുവ പാലത്തിൽ ബൈക്ക് അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഇന്ത്യൻ സ്‌കൂൾ മുൻ അധ്യാപികയായിരുന്ന യാസ്മിൻ ടീച്ചറുടെയും സലാലയിലെ ഗസ്സാനി സ്‌പോർട്‌സ് ജീവനക്കാരനായിരുന്ന അബ്ദുറഷീദിന്റെയും മകനാണ് മിസ്ബാഹ്. മിസ്അബ്, ബാസിമ എന്നിവർ സഹോദരങ്ങളാണ്.
ദീർഘകാലമായി സലാലയിലുണ്ടായിരുന്ന ഇവരുടെ കുടുംബം ഈയിടെയാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. മിസ്ബാഹിന്റെ മാതൃസഹോദരീ ഭർത്താവായ മുസ്തഫ ജനാസ നമസ്‌കാരത്തിന് നേതൃത്വം നൽകി. ഐ.എം.ഐ പ്രസിഡന്റ് ജി. സലിം സേട്ട്, ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ കെ. ഷൗക്കത്തലി മാസ്റ്റർ, കെ.എ സലാഹുദ്ദീൻ, കെ. അശ്‌റഫ് മൗലവി എന്നിവർ സംസാരിച്ചു.