ഒമാനിൽ നിന്ന് യു.എ.ഇയിലേക്ക് റെയിൽപാത വഴി ചരക്ക് എത്തിക്കാൻ കരാർ
|ഒമാൻ റെയിലും -ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡലുമായി ധാരണാപത്രം ഒപ്പുവച്ചു
ഒമാനിലെ സുഹാറിൽ നിന്ന് യു.എ.ഇയിലേക്ക് റെയിൽപാത വഴി ചരക്ക് എത്തിക്കാൻ കരാർ. ഒമാൻ റെയിലും -ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡലുമായി ഇത് സംബന്ധിച്ചു ധാരണാപത്രം ഒപ്പുവച്ചു.
കരാർപ്രകാരം വർഷം 40 ലക്ഷം ടൺ അസംസ്‌കൃത വസ്തുക്കളും ഇരുമ്പ് ഉൽപന്നങ്ങളും സുഹാറിൽ നിന്ന് യു.എ.ഇയിലേക്ക് റെയിൽ മാർഗം എത്തിക്കാൻ ജിൻഡലിന് കഴിയും. ഇരുമ്പ് ഉൽപന്നങ്ങളുടെ കയറ്റ്, ഇറക്ക് ജോലികൾക്കു വേണ്ട സാങ്കേതിക സഹായവും റെയിൽ കമ്പനി ചെയ്യും. കുറഞ്ഞ ചെലവിൽ അതിവേഗത്തിൽ കൂടുതൽ ചരക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇതിലൂടെ കമ്പനിക്കു സാധിക്കും. പ്രകൃതി സൗഹൃദ ഗതാഗത സംവിധാനവും ചരക്കു നീക്കവുമാണ് ഇതിലൂടെ ഒമാനും യു.എ.ഇയും ഉറപ്പു വരുത്തുന്നതെന്ന് റെയിൽ കമ്പനി അധികൃതർ പറഞ്ഞു.
ലോകോത്തര കമ്പനികളുമായി ചരക്കു ഗതാഗതത്തിൽ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി കരാറിൽ ഏർപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സുഹാറിൽ നിന്ന് യു.എ.ഇയിലെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുഹാറിനും അബുദാബിക്കും ഇടയിൽ ബന്ധിപ്പിക്കുന്ന പാതയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നത് ചരക്ക് ഗതാഗതം അതിവേഗത്തിലാക്കും.
Contract to transport goods by rail from Suhar, Oman to UAE.