'ലൈസൻസ് നേടിയതിന് ശേഷം മാത്രമേ കുടിൽ വ്യവസായം അനുവദിക്കൂ'; മാർഗ നിർദേശവുമായി ഒമാൻ
|നിലവിൽ കുടിൽ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ ഉത്തരവ് ഇറങ്ങിയത് മുതൽ ആറുമാസത്തിനകം ലൈസൻസ് നേടണം
മസ്കത്ത്: ഒമാനിൽ കുടിൽ വ്യവസായങ്ങൾക്ക് മാർഗ നിർദേശങ്ങളുമായി വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ലൈസൻസ് നേടിയ ശേഷം മാത്രമെ കുടിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ പാടുള്ളു എന്നും പുതിയ ഉത്തവരവിൽ പറയുന്നു. നിലവിൽ കുടിൽ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ ഉത്തരവ് ഇറങ്ങിയത് മുതൽ ആറുമാസത്തിനകം ലൈസൻസ് നേടണം.
അപേക്ഷകർ ഒമാനി പൗരനായിരിക്കുക, പ്രായ പരിധി 18ന് മുകളിലായിരിക്കുക, മറ്റ് വാണിജ്യ, പ്രഫഷനൽ പ്രവൃത്തികൾക്ക് ലൈസൻസില്ലാതിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും ലൈസൻസുകൾ നൽകുക. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യും. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് നൽകുക. അപേക്ഷയോടൊപ്പം സംരംഭം ആരംഭിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ, വാടക കരാർ, വീട്ടുടമയുടെ അംഗീകാരം, സിവിൽ ഐ .ഡി/പാസ്പോർട്ട് എന്നിവ സമർപ്പിച്ചിരിക്കണം. മൂന്ന് റിയാൽ ഇതിന് ഫീസ് ഈടാക്കും. കാലാവധി അവസാനിക്കുന്നതിന്റെ 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചാൽ സമാന കാലായളവിലേക്ക് വീണ്ടും ലൈസൻസ് പുതുക്കി നൽകും. കുടിൽ വ്യവസായ സംരംഭത്തെ പറ്റിയുള്ള ബോർഡ് വീടിന്റെ പുറത്തെ ഭിത്തിയിലോ കവാടങ്ങളിലോ സ്ഥാപിക്കാനും അനുമതിയുണ്ടാകും.