ഒമാനിൽ ക്രിമിനൽ കേസുകൾ 14.5 ശതമാനം വർധിച്ചു
|30,543 കുട്ടികളുടെ കുറ്റകൃത്യങ്ങൾ ആണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്
മസ്കത്ത്: കഴിഞ്ഞ വർഷം ഒമാനിൽ ക്രിമിനൽ കേസുകൾ മുൻ വർഷത്തെക്കാൾ 14.5 ശതമാനം വർധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ. കഴിഞ്ഞ ദിവസം നടന്ന പബ്ലിക് പ്രോസിക്യൂഷൻ വാർഷിക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
ഒമാനിൽ 2022ൽ 32,277 ക്രിമിനൽ കേസുകളാണ് ഫയൽ ചെയ്തിരുക്കുന്നത്. കഴിഞ്ഞ വർഷം 13 കൊലപാതക കേസുകളാണ് ഫയൽ ചെയ്തത്. ഈ കേസുകൾ ഓരോന്നും പ്രത്യേകം പഠിക്കാനായി സാമൂഹിക വികസന മന്ത്രാലയം പബ്ലിക്ക് പ്രോസിക്യൂഷൻ ഡിപ്പാർട്ടുമെന്‍റുമായി സഹകരിച്ച് പ്രത്യേക ടീം രൂപവത്കരിച്ചതായി അധികൃതർ വ്യക്തമാക്കി.
സാധാരണയായ പത്തു കുറ്റകൃത്യങ്ങളിൽ ഏറ്റവും മുകളിലുള്ളത് വണ്ടിച്ചെക്കുകളാണ്. താമസ നിയമങ്ങൾ ലംഘിക്കൽ, തൊഴിൽ നിയമങ്ങൾ ലംഘിക്കൽ, മയക്കുമരുന്ന് ഉപയോഗം, ഐ.ടി കുറ്റകൃത്യങ്ങൾ, ഉപഭോക്തൃ നിയമ ലംഘനം, മാന്യതയെ ഹനിക്കൽ, കളവ്, പണം പിടിച്ചുപറിക്കൽ, കബളിപ്പിക്കൽ, ഗതാഗത നിയമ ലംഘനം എന്നിവയാണ് മറ്റു പ്രധാന കുറ്റകൃത്യങ്ങൾ. 30,543 കുട്ടികളുടെ കുറ്റകൃത്യങ്ങൾ ആണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. വൻ കുറ്റകൃത്യങ്ങൾ 9.8 ശതമാനം വർധിച്ച് 1,378 കേസുകളിൽ എത്തിയിട്ടുണ്ട്. ഫയൽ ചെയ്തതിൽ 97 ശതമാനം കേസുകളും തെളിയിക്കാൻ കഴിഞ്ഞു.