ഒരു മൃതദേഹം കൂടി കണ്ടെത്തി; മഴക്കെടുതിയിൽ ഒമാനിലെ മരണസംഖ്യ 20 ആയി
|സഹം വിലായത്തിലെ താഴ്‌വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
മസ്‌കത്ത്: രക്ഷാപ്രവർത്തന സംഘം ഒരു പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മഴക്കെടുതിയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം 20 ആയി. സഹം വിലായത്തിലെ താഴ്‌വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതിനിടെ, വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഫാമിൽ കുടുങ്ങിപ്പോയ ആറ് പ്രവാസികളെ പൊലീസ് ഏവിയേഷൻ രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച വൈകീട്ടും ഒമാനിൽ കനത്ത മഴയാണ് പെയ്തത്. ബുറൈമി ഗവർണറേറ്റിലെ ചില സ്‌റ്റേറ്റുകളിൽ 200 മില്ലി മീറ്ററോളം ഉയർന്ന്, ശക്തമായ കാറ്റും മഴക്കൊപ്പം അടിച്ചുവീശി. കനത്ത മഴ മൂലം വാദികൾ നിറഞ്ഞൊഴുകുകയും വാഹനങ്ങൾ ഒഴുകിപ്പോകുകയും നിരവധിപേർ വീടുകളിൽ കുടുങ്ങുകയും ചെയ്തിരുന്നു.
കാണാതായവരും ചികിത്സ തേടുന്നവരുമായ 13ലധികം ആളുകൾക്കായി പൊലീസ് ഏവിയേഷൻ എട്ട് ഓപ്പറേഷൻസ് നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ജീവനക്കാർ നോർത്ത് ബാത്തിന, ദാഹിറ ഗവർണറേറ്റുകളിൽ രണ്ട് പ്രസവങ്ങൾക്ക് അടിയന്തര വൈദ്യസഹായം നൽകി.
റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ റോയൽ നേവി ഓഫ് ഒമാൻ മുസന്ദം ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിച്ചു. കൂടാതെ, വിവിധ ഗവർണറേറ്റുകളിൽ 18 അഭയകേന്ദ്രങ്ങൾ ഒരുക്കി. 1,400-ലധികം ഒമാനികളും റെസിഡൻറ്‌സും അവയുടെ പ്രയോജനം നേടുന്നുണ്ട്്.
ഷിനാസ് - ബുറൈമി വിലായത്തുകളിൽ സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം ഒഴിപ്പിക്കൽ പ്രവർത്തനങ്ങളും നടത്തി. ഷിനാസ് വിലായത്തിൽ 44 പേരെ രക്ഷപ്പെടുത്തി. എട്ട് പേരടങ്ങുന്ന ഒരു കുടുംബത്തെ അൽ ബുറൈമി ഗവർണറേറ്റിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.