ഡെങ്കിപ്പനി; കൊതുകുകളുടെ വ്യാപനത്തിനെതിരെ കാമ്പയിന്‍ ഊര്‍ജിതമാക്കി
|മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തിനെതിരെ കാമ്പയിന്‍ ഊര്‍ജിതമാക്കി. മസ്‌കത്ത്, വടക്കന്‍ ബത്തിന, തെക്കന്‍ ബത്തിന എന്നീ ഗവര്‍ണറേറ്റുകളിലായി നിലവില്‍ 76ഓളം ഡെങ്കിപ്പനി കേസുകളാണ് ഒമാനില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ്, മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെയാണ് കാമ്പയിനുകള്‍ പുരോഗമിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഗവര്‍ണറേറ്റിലെ വിവിധ ഗ്രാമങ്ങളില്‍ ലഘുലേഖയും ബ്രോഷറുകളും വിതരണം ചെയ്തു.
ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഫീല്‍ഡ് ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്. കൊതുകിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി ഇതുവരെ 3500ല്‍ലധികം വീടുകളില്‍ കീടനാശിനികള്‍ തളിച്ചു. ഔദ്യാഗിക കണക്ക് പ്രകാരം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഇതുവരെ 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബൗഷര്‍-17, സീബ്-ഏഴ്, അമിറാത്-രണ്ട് എന്നിങ്ങനെയാണ് വിവിധ വിലയാത്തുകളില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്കുകള്‍. ഒമാനില്‍ 2019, 2020 വര്‍ഷങ്ങളിലും മസ്‌കത്ത്, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.