മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയാൻ ദോഫാർ ഗവണറേറ്റ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു
|കന്നുകാലികളെ സംരക്ഷിക്കാനും ഒമാനിലെ മൃഗസമ്പത്തിന്റെ ആരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി
മസ്കത്ത്: ദോഫാറിലും പരിസര പ്രദേശങ്ങളിലും കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം വലിയ തോതിലുള്ള വാക്സിനേഷൻ പദ്ധതിക്കാണ് തുടക്കംകുറിച്ചത്. കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗബാധയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കന്നുകാലികളെ സംരക്ഷിക്കാനും ഒമാനിലെ മൃഗസമ്പത്തിന്റെ ആരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഒക്ടോബർ ഒന്നിനാണ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.
രോഗങ്ങൾ മൃഗങ്ങൾക്കിടയിൽ മരണനിരക്ക് വർധിപ്പിക്കുക മാത്രമല്ല ഉൽപ്പാദനക്ഷമത കുറയ്ക്കുകയും പ്രതിരോധ ചികിത്സാ നടപടികൾക്ക് ഉയർന്ന ചിലവുണ്ടാക്കുകയും ചെയ്യുമെന്ന് ദോഫാർ അനിമൽ വെൽത്ത് ഡിപ്പാർട്മെന്റ് ഡയറക്ടർ എഞ്ചി. അഹ്‌മദ് ബിൻ സലേം അൽ നിജ്ജാർ പറഞ്ഞു. മാത്രമല്ല മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പടരാനുള്ള സാധ്യതയുമുണ്ട്, ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നും നിജ്ജാർ കൂട്ടിച്ചേർത്തു.
ദോഫാറിലെ തുറന്ന മേച്ചിൽ സമ്പ്രദായം മൃഗങ്ങൾക്കിടയിൽ വിപുലമായ ഇടപെടൽ സാധ്യമാക്കുന്നുണ്ട്. ഈ അന്തരീക്ഷം രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. രോഗം പൊട്ടിപുറപ്പെടുന്നതിന് മുമ്പ് കുത്തിവെയ്പ്പെടുക്കുന്നത് അത്യാന്താപേക്ഷിതമാണെന്നും നിജ്ജാർ വിശദീകരിച്ചു. ദോഫാറിലെ വെറ്റിനറി സർവീസിനെ പിന്തുണക്കാൻ ഗവണറേറ്റിലുടനീളം 13 ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സലായിൽ അഞ്ച്, തഖാ രണ്ട്, മിർബത്ത്, സദാ, റഖ്യുത്, ദൽകുത്, എന്നിവടങ്ങളിൽ ഒരോന്നു വീതവും പ്രവർത്തിക്കുന്നുണ്ട്. നജ്ദ് മേഖലയിൽ 17 വാക്സിനേഷൻ ടീമും പ്രവർത്തിക്കുന്നുണ്ട്.