ഇ. അഹമ്മദ് എക്‌സലൻസ് അവാർഡ് ആലത്തൂർ എം.പി രമ്യ ഹരിദാസിന്
|മാർച്ച് മൂന്നിന് മസ്‌കത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും
മുൻ വിദേശ കാര്യ സഹമന്ത്രിയും പ്രമുഖ പാർലമെന്റേറിയനും ആയിരുന്ന ഇ. അഹമ്മദിന്റെ പേരിൽ മസ്‌കത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ ഇ. അഹമ്മദ് എക്‌സലൻസ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചു. ഈവർഷത്തെ ഇ. അഹമ്മദ് എക്‌സലൻസ് അവാർഡ് ആലത്തൂർ എം.പി രമ്യ ഹരിദാസിന് നൽകുമെന്ന് മസ്‌കത്ത് കെ.എം.സി.സി നേതാക്കൾ വാർത്ത സമമ്മേളനത്തിൽ അറിയിച്ചു.
നജീബ് കാന്തപുരം എം.എൽ.എ ആണ് ഇ. അഹമ്മദ് എക്‌സലൻസ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ പാർലമെന്റിലെ മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ്. മികച്ച ജന പ്രതിനിധി എന്ന നിലയിലും മുസ്‌ലിം ലീഗ് എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ദലിത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യൻ പാർലമെന്റിൽ നൽകിയ സംഭാവനകൾ അടിസ്ഥാനമാക്കിയുമാണ് രമ്യാ ഹരിദാസ് എം.പിയെ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
എൻ.കെ പ്രേമചന്ദ്രൻ എം.പി, കെ. സുധാകരൻ എം.പി എന്നിവരാണ് മുൻകാലങ്ങളിൽ പുരസ്‌കാരം നേടിയ മറ്റുള്ളവർ. മാർച്ച് മൂന്നിന് മസ്‌കത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷമീർ പാറയിൽ, അഷറഫ് കിണവക്കൽ, നവാസ് ചെങ്കള, ബി.എച്ച് ഷാജഹാൻ, അൽഖുവൈർ കെ.എം.സി സി പ്രസിഡന്റ് ഷാഫി കോട്ടക്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.