ഒമാനിൽ അടുത്ത വർഷം ജനുവരി മുതൽ ഇ-പെയ്മെൻറ് നിർബന്ധം
|മെഷീൻ നടപ്പിൽ വരുന്നതോടെ വ്യാപാരികൾക്ക് സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന തുകകൾ മാത്രമാണ് ഈടാക്കാൻ കഴിയുക
ഒമാനിൽ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രേണിക് പെയ്മെൻറ് നിർബന്ധമാക്കുന്നു. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം എന്നനിലയിൽ വ്യവസായ മേഖല, കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷ്യ വിൽപന, സ്വർണ്ണം വെള്ളി വിൽപന ശാലകൾ, റസ്റ്ററൻറുകൾ, കഫേകൾ, പഴം പച്ചക്കറി, ഇലക്ട്രേണിക് , കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വിൽപന, പുകയില ഉൽപനങ്ങൾ എന്നീ മേഖലകളിലാണ് ഇ-പെയ്മെൻറ് നടപ്പാക്കുക.
ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ സംവിധാനം സഹായകമാവുമെന്ന് ഒമാൻ സെൻറട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്കുകളുമായി സഹകരിച്ച് വ്യാപാരികൾക്ക് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. മെഷീൻ നടപ്പിൽ വരുന്നതോടെ വ്യാപാരികൾക്ക് സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന തുകകൾ മാത്രമാണ് ഈടാക്കാൻ കഴിയുക. സ്ഥാപനങ്ങളും കമ്പനികളും അവരുടെ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോട് കൂടി തന്നെ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇലക്ട്രോണിക് പെയ്മെൻറ് സംവിധാനം ജനുവരി ഒന്ന് മുതൽ നടപ്പാവുമെന്ന് വ്യക്തമാക്കി പോസ്റ്റററുകളും ബാനറുകളും സ്ഥാപിക്കണം.