സലാലയിലും വിപുല ഈദ് ആഘോഷം
|ഈദ് നമസ്‌കാരത്തിന് ആയിരങ്ങൾ എത്തി
സലാലയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ പ്രാർത്ഥനകൾ നടന്നു. സുൽത്താൻ ഖാബൂസ് മസ്ജിദ്, മസ്ജിദ് ഉമർ റവാസ് ഉൾപ്പടെയുള്ള പള്ളികളിൽ നടന്ന ഈദ് നമസ്‌കാരത്തിന് ആയിരങ്ങളാണ് എത്തിയത്. വിവിധ മലയാളി കൂട്ടായ്മകൾ ഈദ് നമസ്‌കാരവും ഈദ് ഗാഹും ഒരുക്കിയിരുന്നു.
എസ്.ഐ.സി മസ്ജിദ് ഹിബ്‌റിൽ ഒരുക്കിയ ഈദ് നമസ്‌കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ഹാജറയുടെയും സമർപ്പണത്തിന്റെ പാത പിൻതുടരാൻ അദ്ദേഹം പറഞ്ഞു. പരസ്പര സാഹോദര്യവും ഐക്യവും മാനവികതയും ഊട്ടിയുറപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഐ.സി.എഫ് സലാലയിലെ നാല് പള്ളികളിൽ ഈദ് നമസ്‌കാരം ഒരുക്കിയിരുന്നു. മസ്ജിദ് ബാ അലവിയിൽ ഒരുക്കിയ ഈദ് നമസ്‌കരത്തിന് സിഖന്തർ ബാദുഷ സഖാഫി നേതൃത്വം നൽകി.
ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇത്തിഹാദ് ക്ലബ്ബ് മൈതാനിയിൽ ഒരുക്കിയ ഈദ് ഗാഹിന് ഡാനിഷ് കൊയിലാണ്ടി നേതൃത്വം നൽകി. ഈദ് അവധി ആഘോഷിക്കാൻ സലാലയിൽ എത്തിയ നിരവധി പേരും ഈദ് നമസ്‌കാരത്തിൽ പങ്കെടുത്തു.